മലയാളത്തില്‍ മാത്രമേ മെഗാസ്റ്റാർ പദവിയുള്ളുവെന്നും മമ്മൂട്ടിയ്ക്ക് മെഗാസ്റ്റാർ എന്ന വിശേഷണം നൽകിയത് മമ്മൂട്ടി തന്നെയാണെന്നും പറഞ്ഞ് ശ്രീനിവാസൻ. ഒരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്. മറ്റുഭാഷകളിലെ നടന്മാർക്കാർക്കും മെഗാസ്റ്റാർ പദവി ഇല്ലെന്നും അവരെല്ലാം സൂപ്പർസ്റ്റാറുകളെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
'മലയാളത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ? മലയാളത്തിന് മാത്രമേ മെഗാസ്റ്റാർ എന്നൊരു പദവിയുള്ളൂ. ബാക്കിയുള്ളിടത്ത് സൂപ്പർ സ്റ്റാറുകളാണ്. അമിതാഭ് ബച്ചൻ മെഗാസ്റ്റാർ അല്ല രജനികാന്ത് മെഗാസ്റ്റാർ അല്ല മോഹൻലാൽ മെഗാസ്റ്റാർ അല്ല. ദുബായിൽ ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവർക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. മമ്മൂട്ടി പറയുന്നത് ഞാൻ കേട്ടതാണ്. അയാളെ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവു എന്ന്' ശ്രീനിവാസൻ പറഞ്ഞു.
എന്നാൽ പ്രശസ്ത യുഎഇ വ്ലോഗർ ഖാലിദ് അൽ അമേരിയുമായി നടത്തിയ അഭിമുഖത്തിൽ 1987 ല്‍ ദുബായിലെ ഒരു പരിപാടിക്കെത്തിയപ്പോള്‍ അവിടുത്തെ ഒരു മാധ്യമമാണ് തന്നെ മെഗാസ്റ്റാര്‍ എന്ന് വിളിച്ചതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
'ദുബായ് നഗരം എനിക്ക് രണ്ടാമത്തെ വീടാണ്. അന്ന് ഇവിടെ എത്തിയപ്പോള്‍ ഒരു മാധ്യമമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായ് മണ്ണിലേക്ക് വരുന്നുവെന്ന വിശേഷണം ആദ്യമായി നല്‍കിയത്. അതിന് ശേഷമാണ് എല്ലാവരും അങ്ങനെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്' എന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നത്.
അതേസമയം, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന വിശേഷണം തനിക്ക് താത്പര്യമില്ലാത്ത ഒന്നാണെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും വളരെ സ്‌നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടവും സന്തോഷവുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
Content Highlights: Sreenivasan said Mammootty himself asked to be called Megastar Mammootty