പാട്ടുകളില്ലാതെ, ടിപ്പിക്കൽ കോമഡി താരങ്ങളുടെ കോമഡികൾ ഇല്ലാതെ ദീപാവലിക്ക് കാർത്തിയെ പോലെ ഒരു മുൻനിര താരത്തിന്റെ ചിത്രം. സംവിധായകന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. ആദ്യ ചിത്രം ഹിറ്റടിച്ചിരുന്നെങ്കിലും അതിലെ അഭിനേതാക്കൾ എല്ലാം പുതുമുഖങ്ങളായിരുന്നു. കാർത്തിയെ പോലെയൊരു സൂപ്പർതാരത്തിന്റെ ചിത്രമായിരുന്നിട്ട് കൂടി കൈതിയെന്ന ആ ചിത്രത്തിന് സാധാരണ തമിഴ് സിനിമകളെ അപേക്ഷിച്ച് ഹൈപ്പ് കുറവായിരുന്നു.
വിജയ് നായകനായ ബിഗിലായിരുന്നു അന്ന് കൈതിക്കൊപ്പം റിലീസ് ചെയ്തത്. പക്ഷെ റിലീസിന് പിന്നാലെ കൈതി ഇന്ത്യൻ സിനിമയിലെ തന്നെ ചർച്ചാ വിഷയമായി. ഒറ്റ രാത്രിയിൽ നടക്കുന്ന കഥയിലൂടെ തമിഴ് സിനിമയ്ക്ക് പുതിയ ഒരു കഥപറച്ചിൽ രീതി ലോകേഷ് കനകരാജ് എന്ന സംവിധായകൻ പരിചയപ്പെടുത്തി. എതിർ ചിത്രമായി ഇറങ്ങിയിട്ട് കൂടി കൈതിയുടെ വിജയത്തിൽ സന്തോഷിച്ചത് വിജയ് ആരാധകർ കൂടിയായിരുന്നു. കാരണം വിജയുടെ അടുത്ത ചിത്രമായ മാസ്റ്റർ സംവിധാനം ചെയ്യാനിരുന്നത് ലോകേഷ് കനകരാജ് ആയിരുന്നു. 2019 ഒക്ടോബർ 25 നാണ് 'കൈതി' തിയേറ്ററുകളിൽ എത്തിയത്.
ഹോളിവുഡ് സിനിമകൾക്ക് സമാനമായി തമിഴ് സിനിമയിൽ എൽസിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമിട്ടത് കൈതിയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് കാത്തിരുന്ന ആരാധകർക്ക് മുന്നിലാണ് വിക്രം സിനിമയുടെ റിലീസിന് തലേദിവസം തന്റെ കൈതി സിനിമ ഒന്നുകൂടി കാണാൻ ലോകേഷ് ട്വീറ്റ് ചെയ്തത്. പുതിയ യൂണിവേഴ്‌സിനൊപ്പം കൈതി 2 വിനുള്ള കാത്തിരിപ്പു കൂടിയായി ആ ട്വീറ്റ്.
വിക്രത്തിൽ റോളകസ് എന്ന കൊടൂര വില്ലനായി സൂര്യയെത്തി. അവിടെയും ദില്ലിയെന്ന 'കൈതി' എത്തി. ഉത്തേരന്ത്യയിൽ എവിടെയോ തന്റെ മകളോടൊപ്പം ജീവിക്കുകയാണ് ദില്ലി. വിജയ് നായകനായി എത്തിയ ലിയോയും അതേ യൂണിവേഴ്‌സിലെ കഥയായിരുന്നു പറഞ്ഞത്.
കൈതി 2 എന്ന ചിത്രത്തിനായാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ചിത്രം എൽസിയുവിലെ ഏറ്റവും പീക്ക് ചിത്രമായിരിക്കുമെന്നാണ് ലോകേഷ് പറഞ്ഞത്. 'ദില്ലി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നിലവിൽ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം കൈതി 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: 5 years of Kaithi Movie which changed the face of the Tamil Film industry