സമൂഹമാധ്യമങ്ങളുടെ വരവോടെ സംഗീതം അതിവേഗമാണ് ലോകത്തിന്റെ നാനാകോണുകളിലേക്കും എത്തുന്നത്. ഏത് പാട്ടും നിമിഷനേരം കൊണ്ട് ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടംപിടിച്ചേക്കാം. റീലുകള്‍ ഏറ്റെടുത്താല്‍ പിന്നെ കേരളമെന്നോ കൊറിയയെന്നോ കാനഡയെന്നോ വ്യത്യാസമില്ലാതെ മാലോകരെല്ലാം പാട്ടു കേള്‍ക്കും, ചുവടുവെക്കും.
ഇത്തരത്തില്‍ വന്‍കരകള്‍ക്കപ്പുറം കടന്ന് ഹിറ്റായ വൈറല്‍ പാട്ടുകളിലൊന്നാണ് തമിഴ് യുവ സംഗീത സംവിധായകന്‍ സായ് അഭയങ്കാര്‍ ഒരുക്കിയ 'ആസ കൂടാ'. അഭയങ്കാറും സായ് സ്മൃതിയും ചേര്‍ന്നായിരുന്നു ഗാനം ആലപിച്ചത്.
പാട്ടും സ്റ്റെപ്പുകളും മണിക്കൂറുകള്‍ കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇപ്പോള്‍ പാട്ടിന് ചുവടുവെച്ച് പുതിയ വൈറല്‍ വീഡിയോയുമായി എത്തിയിരിക്കുന്നത് പ്രശസ്തമായ കൊറിയന്‍ ബോയ് ബാന്‍ഡുകളിലൊന്നായ NTX ആണ്. ദല്‍ഹിയില്‍ വെച്ച് നടന്ന ഷോയില്‍ വെച്ചാണ് വൈറലായ ചില ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് ഈ ബോയ് ബാന്‍ഡ് ചുവടുവെച്ചത്. ഇതില്‍ 'ആസ കൂട'യും ഉണ്ടായിരുന്നു.
സ്റ്റേജിലെ ഈ ഡാന്‍സിന്റെ വീഡിയോസ് സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്നു. എന്നാല്‍ ഇക്കൂട്ടത്തിലെ ഒരു വീഡിയോ മറ്റൊരു കാരണം കൊണ്ടാണ് ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹിന്ദി പാട്ടിന് ചുവടുവെച്ച് NTX എന്നായിരുന്നു ഈ വീഡിയോയുടെ ക്യാപ്ഷന്‍. തൊട്ടുപിന്നാലെ നിരവധി പേര്‍ ആസ കൂട തമിഴ് പാട്ടാണെന്ന് തിരുത്തി പറയുന്ന കമന്റുമായി എത്തി. തമാശ നിറഞ്ഞ ട്രോളുകളുമായാണ് മറ്റ് ചിലരെത്തിയത്. ഇക്കൂട്ടത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് ചെയ്ത കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.
'അറേബ്യന്‍ പോപ്പ് ഗ്രൂപ്പ് ഹിന്ദിയില്‍ പാടുന്നു' എന്നാണ് സിദ്ധാര്‍ത്ഥിന്റെ കമന്റ്. ആയിരക്കണക്കിന് പേരാണ് നടന്റെ കമന്റിന് ലൈക്കുമായി എത്തിയത്. പെര്‍ഫെക്ട് മറുപടിയെന്നും കിടിലന്‍ ട്രോളെന്നുമെല്ലാം കമന്റുകളില്‍ പറയുന്നുണ്ട്.
അതേസമയം, ഹിന്ദി പാട്ടുകള്‍ക്കും കൊറിയന്‍ ബാന്‍ഡ് ചുവടുവെച്ചിരുന്നു, അതുകൊണ്ട് സംഭവിച്ച ചെറിയ പിഴവായിരിക്കും ക്യാപ്ഷനെന്നാണ് മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി പേര്‍ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും എന്തുകൊണ്ടാണ് തിരുത്താന്‍ തയ്യാറാകാത്തത് എന്നാണ് മറുഭാഗത്തിന്റെ ചോദ്യം.
Content Highlights: actor Siddharth trolls a video calling Aasa kooda song as Hindi song where korean NTX band dancing to it