പരാജയപ്പെടുമ്പോഴെല്ലാം തനിക്ക് തിരിച്ചുവരാനുള്ള ഊർജം നൽകിയത് കമൽ ഹാസനാണെന്ന് നടൻ സൂര്യ. കമൽ ഹാസൻ സാർ ആണ് തന്റെ ഇൻസ്പിരേഷൻ. എങ്ങനെയാണ് അദ്ദേഹം അപൂർവ സഹോദരങ്ങൾ ചെയ്തത്, എങ്ങനെയാണ് മരുതനായകം ചെയ്യണമെന്ന് തോന്നിയത് എന്നോർത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഒന്ന് പിന്നോട്ടായാൽ പോലും അദ്ദേഹം തിരിച്ചുവരുന്നത് ഒരു വലിയ സിനിമ ആയിട്ടാകും. അങ്ങനെ ഒരു സിനിമക്കായി ഞാൻ കാത്തിരിക്കുമ്പോഴാണ് കങ്കുവ വരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവം ചിത്രം പ്രേക്ഷകർക്ക് നൽകുമെന്നും കങ്കുവയുടെ പ്രസ് മീറ്റിൽ സൂര്യ പറഞ്ഞു.
'ഒന്ന് പിന്നോട്ട് പോയാലും കമൽ സാർ തിരിച്ചുവരാനായി ഒരു സാധാരണ സിനിമ ആയിരിക്കില്ല ചെയ്യുന്നത്. ആരും കാണാത്ത തരത്തിൽ ഒരു വലിയ സിനിമ ആയിട്ടാകും അദ്ദേഹം തിരിച്ചുവരുന്നത്. ഒരു സേഫ് സിനിമ ചെയ്യാമെന്ന് കമൽ സാർ ഒരിക്കലും ചിന്തിക്കില്ല. കോവിഡ് കാരണം ജയ് ഭീമും സൂരറൈ പൊട്ട്രുവും എനിക്ക് തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ചില്ല. തിയേറ്റർ ഓണർമാർക്കും പ്രേക്ഷകർക്കും പുതിയൊരു എക്സ്പീരിയൻസ് നൽകണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ അങ്ങനത്തെ ഒരു സിനിമക്കായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അങ്ങനെ ഒരു അവസരം വന്നപ്പോൾ എനിക്ക് വിട്ടുകളയാൻ തോന്നിയില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം ആയിരിക്കും കങ്കുവ', സൂര്യ പറഞ്ഞു.
ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. കഴിഞ്ഞ ദിവസം പുറത്തുവിട്ട കങ്കുവയിലെ യോലോ പാട്ടിലെ സൂര്യയുടെ സ്റ്റൈലിഷ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് വില്ലനായെത്തുന്നത്. ദിഷ പഠാനിയാണ് നായിക. ദിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
നവംബർ 14 നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. അതിനൊപ്പം 100 ൽ അധികം ഫാൻസ് ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.
Content highlights: Kamal Sir is my inspiration says Suriya