കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രമാണ് 'സൂര്യ 44'. ആക്ഷൻ റൊമാന്റിക് ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിൽ 15 മിനിറ്റ് നീളമുള്ള സിംഗിൾ ഷോട്ട് സീക്വൻസ് ഉണ്ടെന്നും അതിൽ പാട്ടും അടിയും ഉൾപ്പെടുന്ന സീനുകളാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വിക്രം നായകനായ കാർത്തിക് സുബ്ബരാജ് ചിത്രം മഹാനിലും ഇത്തരം ഒരു സിംഗിൾ ഷോട്ട് ഫൈറ്റ് സീക്വൻസ് ഉണ്ടായിരുന്നു. മികച്ച അഭിപ്രായമായിരുന്നു ഈ സീനിന് ലഭിച്ചിരുന്നത്. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂര്യ 44'. 'ലവ് ലാഫ്റ്റർ വാർ ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. 'സൂര്യ 44'-ൽ മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്.
#Suriya and #KarthikSubbaraj's film will have a 15-MINUTE SINGLE-SHOT sequence with action and a song.#Suriya44 pic.twitter.com/UXIbMdDaNK
— Gulte (@GulteOfficial) October 24, 2024
സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു റൊമാന്റിക് ചിത്രമാണെന്നും കാർത്തിക്ക് സുബ്ബരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വച്ച് ഒരു ലവ് സ്റ്റോറി ചെയ്യുമ്പോൾ അതിൽ ഞാൻ ആവേശഭരിതനായിരുന്നു എന്നും എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു.
ശിവ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പീരിയഡ് ആക്ഷൻ ചിത്രമായ 'കങ്കുവ' ആണ് ഉടൻ പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. ചിത്രം 38 ഭാഷകളിലാണ് തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിഷാ പഠാനിയാണ്.
Content Highlights: karthik subbaraj film will have a 15-minutes single shot sequence with action and a song