തിയേറ്ററിൽ കൈവിട്ടു, ഒടിടിയിൽ ഹിറ്റിലേക്ക്; ക്ലാസ്സിക് ചിത്രമെന്ന അഭിപ്രായവുമായി 'മെയ്യഴകൻ' നെറ്റ്ഫ്ലിക്സിൽ

ചിത്രത്തിലെ കാർത്തിയുടെയും അരവിന്ദ് സാമിയുടെയും പ്രകടനങ്ങൾക്ക് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

dot image

കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയേറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിലൂടെ ഇന്നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മികച്ച അഭിപ്രായമാണ് സിനിമക്ക് ഒടിടിയിൽ ലഭിക്കുന്നത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് മെയ്യഴകനെന്നാണ് പ്രതികരണങ്ങൾ.

ഒരു ക്ലാസ്സിക് ചിത്രമാണ് മെയ്യഴകൻ എന്നും ചിത്രത്തിൽ അരവിന്ദ് സാമിയും കാർത്തിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടെന്നുമാണ് ചിത്രം കണ്ട ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വേണമെന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം. തിയേറ്ററിൽ കൈവിട്ട വിജയം ചിത്രത്തിന് ഒടിടിയിൽ ലഭിക്കുമെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

മെയ്യഴകന് കേരളത്തിൽ നിന്നും ഓവർസീസ് മാർക്കറ്റില്‍ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ തമിഴ് നാട്ടിൽ ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് സിനിമ കണക്ട് ആയില്ലെന്നും ചിത്രത്തെ ട്രിം ചെയ്യേണ്ടി വരും എന്ന് മനസ്സിലായപ്പോൾ അത് ഒരുപാട് വേദന നൽകിയെന്നും സംവിധായകൻ പ്രേംകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നമ്മുടെ സിനിമയിൽ നിന്ന് നമ്മൾ തന്നെ സീനുകൾ വെട്ടിമാറ്റണം എന്ന വേദനയേക്കാൾ, പ്രേക്ഷകർക്ക് കണക്ട് ആകണം എന്ന് വിചാരിച്ച വച്ച സീനുകളില്‍ അങ്ങനെ സംഭവിച്ചില്ലല്ലോ എന്നോർത്താണ് സങ്കടം തോന്നിയതെന്നും പ്രേംകുമാർ മനസ് തുറന്നിരുന്നു.

സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Content Highlights: Meiyazhagan receives great response after OTT release

dot image
To advertise here,contact us
dot image