മൂന്ന് തമിഴ് സിനിമകളാണ് ഇത്തവണ ദീപാവലി ആഘോഷത്തിനായി റിലീസിനെത്തുന്നത്. ശിവകാർത്തികേയൻ നായകനാകുന്ന 'അമരൻ', കവിൻ പ്രധാന വേഷത്തിലെത്തുന്ന 'ബ്ലഡി ബെഗ്ഗർ', ജയം രവി ചിത്രമായ 'ബ്രദർ' എന്നിവയാണ് അവ. വലിയ പ്രതീക്ഷകളുമായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ റൺ ടൈം വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന 'അമരൻ' മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ്. കശ്മീരിലെ ഒരു ഗ്രാമത്തിൽ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികനാണ് മേജര്‍ മുകുന്ദ് വരദരാജന്‍. ശിവകാർത്തികേയനും, സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയുടെ നീളം 2 മണിക്കൂർ 49 മിനിട്ടാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിരവധി ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളുമുള്ള ഒരു കംപ്ലീറ്റ് പാക്കേജ് ആകും അമരനെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം ഒക്ടോബർ 31 നാണ് റിലീസ് ചെയ്യുന്നത്.
Diwali releases:
— AB George (@AbGeorge_) October 24, 2024
Amaran - Duration 2 hrs 49 mins.
Brother - 2 hrs 21 mins.
Bloody Begger - 2 hrs 16 mins.
ജയം രവിയുടെ 'ബ്രദർ' ഒരു കോമഡി ഫാമിലി എന്റർടൈനർ ചിത്രമാണ്. 'ശിവ മനസിലെ ശക്തി', 'ഒരു കൽ ഒരു കണ്ണാടി' തുടങ്ങിയ സൂപ്പർഹിറ്റ് കോമഡി സിനിമകൾ ഒരുക്കിയ എം രാജേഷ് ആണ് 'ബ്രദർ' സംവിധാനം ചെയ്യുന്നത്. 2 മണിക്കൂർ 21 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. പ്രിയങ്ക മോഹൻ, ഭൂമിക ചൗള, യോഗി ബാബു, ശരണ്യ പൊൻവണ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഹാരിസ് ജയരാജ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
യുവ നടന്‍ കവിൻ നായകനായി എത്തുന്ന 'ബ്ലഡി ബെഗ്ഗർ' ആണ് ദീപാവലിക്കെത്തുന്ന മറ്റൊരു ചിത്രം. സംവിധായകൻ നെൽസൺ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എം ശിവബാലൻ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ ഒരു ഭിക്ഷക്കാരനായിട്ടാണ് കവിൻ എത്തുന്നത്. ഒക്ടോബർ 31 തന്നെയാണ് 'ബ്ലഡി ബെഗ്ഗ'റും റിലീസിനെത്തുന്നത്. 2 മണിക്കൂർ 16 മിനിറ്റ് നീളമുള്ള ചിത്രം ഒരു ഫൺ പാക്കേജ് ആയിട്ടാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയിരിക്കുന്നത്. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്.
Content Highlights: Runtime details of Amaran, Brother, Bloody Beggar out now