സൂര്യ-സിരുത്തൈ ശിവ പടം 'കങ്കുവ'യിൽ അനിരുദ്ധും; എന്നാൽ സംഗീത സംവിധായകനായല്ല…

സിരുത്തൈ ശിവ തന്നെയാണ് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഈ അപ്ഡേറ്റ് പുറത്തുവിട്ടത്

dot image

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന ചിത്രം കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. അടുത്ത മാസം തിയേറ്ററുകളിലെത്തുന്ന സിനിമയുടെ മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്ന ഒരു അപ്ഡേറ്റാണ് ഇപ്പോൾ വന്നിരിക്കുന്നത്. തെന്നിന്ത്യൻ സെൻസേഷൻ എന്ന് വിളിക്കാവുന്ന സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സിനിമയുടെ ഭാഗമാകും എന്നാണ് പുതിയ അപ്ഡേറ്റ്.

സിരുത്തൈ ശിവ തന്നെയാണ് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. സിനിമയിൽ പിന്നണിയിലല്ല മറിച്ച് മുന്നണിയിലാണ് അനിരുദ്ധ് പ്രത്യക്ഷപ്പെടുക. ചിത്രത്തിലെ യോലോ എന്ന് തുടങ്ങുന്ന ഗാനത്തിൽ അനിരുദ്ധ് കാമിയോ റോളിലെത്തുമെന്നാണ് സിരുത്തൈ ശിവ പറഞ്ഞത്. മാത്രമല്ല പാർട്ടി മൂഡിലുള്ള ഗാനം തിയേറ്ററുകളിൽ മികച്ച അനുഭവമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

3, ഗ്യാങ് ലീഡർ, ബീസ്റ്റ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മറ്റൊരു സംഗീത സംവിധായകൻ ഒരുക്കുന്ന ഗാനത്തിൽ അനിരുദ്ധ് വരുന്നത്. രജനികാന്ത് നായകനായ വേട്ടയ്യൻ എന്ന സിനിമയിലെ മനസിലായോ എന്ന ഗാനത്തിലും അനിരുദ്ധ് കാമിയോ റോളിൽ വന്നിരുന്നു.

അതേസയം നവംബർ 14-നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബുക്ക് മൈ ഷോ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ഇൻട്രസ്റ്റും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഒരു ലക്ഷത്തിലധികം 'ഇൻട്രസ്റ്റാണ്' സിനിമക്ക് ലഭിച്ചിരിക്കുന്നത്.

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Siruthai Siva says that Anirudh will do a cameo role in Kanguva

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us