കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്‍മി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം ഭൂല്‍ ഭുലയ്യ 3 റിലീസിന് ഒരുങ്ങുകയാണ്. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ബോളിവുഡിൽ വലിയ ഹിറ്റായിരുന്നു. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയപ്പോൾ ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ അക്ഷയ് കുമാർ ഉണ്ടായിരുന്നില്ല. മൂന്നാം ഭാഗത്തിൽ അദ്ദേഹം ഉണ്ടാകുമോയെന്നാണ് ഇപ്പോൾ ആരാധകർ ഉറ്റു നോക്കുന്നത്.
സിനിമയിൽ കഥാപാത്രമായോ അതിഥി വേഷത്തിനോ അക്ഷയ് കുമാറിനെ ബന്ധപ്പെട്ടാൽ അദ്ദേഹം വരും. എനിക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാം. അനുയോജ്യമെങ്കിൽ അത് തീർച്ചയായും നടക്കുമെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അനീസ് ബസ്‍മി പറഞ്ഞു. അത്തരത്തിൽ നല്ല സൗഹൃദമാണ് തങ്ങൾ പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഭൂൽ ഭുലയ്യ 3 യുടെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഹൊററും കോമഡിയും മിക്സ് ചെയ്ത ഒരു പക്കാ എന്റർടൈനർ ആകും 'ഭൂൽ ഭുലയ്യ 3' എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിന്റെ ആദ്യ പതിപ്പിൽ പ്രധാന വേഷത്തിലെത്തിയ വിദ്യ ബാലനും മൂന്നാം ഭാഗത്തിലുണ്ട്. മാധുരി ദീക്ഷിത്, തൃപ്തി ഡിമ്രി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2007ലായിരുന്നു ഭൂൽ ഭുലയ്യ ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളത്തിൽ സൂപ്പർഹിറ്റായ മണിച്ചിത്രത്താഴിന്റെ റീമേക്കായ സിനിമ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ഭൂൽ ഭുലയ്യ വലിയ വിജയമാകുകയും പിൽക്കാലത്ത് ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന് രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. 2022ലായിരുന്നു ഇത് എത്തിയത്. കാർത്തിക് ആര്യൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.
Content Highlights: whether Akshay Kumar will be in Bhool Bhulaiya 3