അമ്പത് വർഷം മുമ്പ് ആദ്യമായി അഭിനയിച്ച നാടകത്തിൽ മികച്ച നടനായി മാറിയ വ്യക്തി, വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ മെഗാസ്റ്റാർ ആയി മാറുക. സിനിമ കഥ പോലെ തന്നെ അത്ഭുതം നിറഞ്ഞതാണ് തെലുങ്ക് സിനിമ ഇതിഹാസം ചിരഞ്ജീവിയുടെ ജീവിതം.
2024 ൽ അദ്ദേഹം അഭിനയ രംഗത്ത് എത്തിയിട്ട് അമ്പത് വർഷം തികയുകയാണ്. 1974 ലാണ് കൊനിഡെല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവി ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ എടുത്ത ചിത്രം ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. ബികോം രണ്ടാം വർഷ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ചിരഞ്ജീവി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
കോന ഗോവിന്ദ റാവു രചിച്ച 'രംഗസ്ഥലം' എന്ന നാടകത്തിലാണ് ചിരഞ്ജീവി ആദ്യമായി അഭിനയിക്കുന്നത്. നർസാപുരത്തെ ശ്രീ വൈ എൻ കോളേജിലായിരുന്നു അദ്ദേഹം പഠിച്ചിരുന്നത്. 'ഒരു നടനെന്ന നിലയിൽ ലഭിച്ച ആദ്യത്തെ അംഗീകാരമായിരുന്നു ഇതെന്നും അമ്പത് വർഷത്തെ അഭിനയ ജീവിതത്തിന്റെ തുടക്കമായിരുന്നു ഇതെന്നും ചിരഞ്ജീവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
1978 ലാണ് ചിരഞ്ജീവി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. തുടക്കകാലത്ത് വില്ലൻ റോളുകളിലും സപ്പോർട്ടിങ് റോളുകളിലും അഭിനയിച്ച അദ്ദേഹം പിന്നീട് നായകനായി മാറുകയായിരുന്നു. തെലുങ്കിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച താരം എന്ന റെക്കോർഡ് കൂടി ചിരഞ്ജീവിക്ക് സ്വന്തമാണ്.
2006-ൽ പത്മഭൂഷൺ , 2024-ൽ പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. ഫാന്റസി ത്രില്ലറായ വിശ്വംഭരയാണ് ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. 2025 ലായിരിക്കും വിശ്വംഭര തിയേറ്ററുകളിൽ എത്തുക.
Content Highlights: 50 Years of Acting Chiranjeevi Share Rare Photo, Best Actor Award