പാലേരിമാണിക്യത്തിന് പിന്നാലെ അൻവറിനും ആളില്ല; 'റീ റിലീസ് സീസൺ അവസാനിപ്പിക്കൂ' എന്ന് സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനായ പാലേരിമാണിക്യം റീ റിലീസ് ചെയ്തപ്പോഴും സമാനമായ സ്ഥിതിയാണ് ഉണ്ടായിരുന്നത്.

dot image

മോഹൻലാൽ ചിത്രം ദേവദൂതന്റെ വിജയത്തിന് പിന്നാലെ ഒരുപിടി സിനിമകളുടെ റീ റിലീസാണ് മലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. അതിൽ തന്നെ ഏറ്റവും ചർച്ചയായ റീ റിലീസുകളിൽ ഒന്നായിരുന്നു പൃഥ്വിരാജ് നായകനായ അൻവർ. ഡോൾബി അറ്റ്‌മോസ് 4K യിലെത്തിയ സിനിമയ്ക്ക് പക്ഷേ തണുപ്പൻ പ്രതികരണം മാത്രമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പടെയുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനുകളിലൂടെ വളരെ കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ആദ്യ രണ്ട് ദിവസങ്ങളിലും വിറ്റുപോയിരിക്കുന്നത്.

നേരത്തെ മമ്മൂട്ടി നായകനായ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ റീ റിലീസ് ചെയ്തപ്പോഴും സമാനമായ സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ റീ റിലീസ് ട്രെൻഡ് അവസാനിപ്പിക്കണം എന്നാണ് പല പ്രേക്ഷകരും സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്. കൃത്യമായ റീ മാസ്റ്ററിങ്ങും മാർക്കറ്റിംഗ് സ്ട്രാറ്റജികളും ഇല്ലാതെ എന്തിന് സിനിമകൾ റീ റിലീസ് ചെയ്യുന്നു എന്നാണ് പല പ്രേക്ഷകരുടെയും ചോദ്യം.

അമൽ നീരദും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു അൻവർ. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. മോളിവുഡില്‍ തരംഗം സൃഷ്ടിച്ച ചിത്രത്തിലെ ഗാനങ്ങളും അമൽ നീരദിന്റെ മേക്കിങ്ങും യുവാക്കളും ക്യാമ്പസുകളും അന്ന് ഏറ്റെടുത്തിരുന്നു. സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

അതേസമയം അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബോഗയ്‌ന്‍വില്ല' തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlights: Anwar Re Release gets negative response in social media

dot image
To advertise here,contact us
dot image