ആ സിനിമ പ്രതീക്ഷിച്ച രീതിയിൽ വർക്ക് ആയില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കാണ്: ദുൽഖർ

ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരുന്നു 'കിം​ഗ് ഓഫ് കൊത്ത'.

dot image

ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി ഒരുക്കിയ ആക്ഷൻ ചിത്രമായിരുന്നു 'കിംഗ് ഓഫ് കൊത്ത'. വലിയ ബഡ്ജറ്റിൽ ഒരുപാട് പ്രതീക്ഷകളോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. മോശം തിരക്കഥയുടെയും അഭിനയത്തിന്റെയും പേരിൽ വലിയ വിമർശനങ്ങളാണ് ചിത്രം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ദുൽഖർ സൽമാൻ.

ഒരു സിനിമ പ്രതീക്ഷിച്ച രീതിയിൽ വർക്ക് ആയില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. ചിത്രം വിജയം ആയില്ലെങ്കിലും പ്രേക്ഷകർക്ക് ആ സിനിമയെ പറ്റി എന്ത് പരാതിയുണ്ടെങ്കിലും അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. അടുത്ത തവണ തങ്ങൾ കൂടുതൽ നന്നായി ശ്രമിക്കുമെന്നും 'ലക്കി ഭാസ്കർ' എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.

'വലിയ കാൻവാസിലുള്ള ചിത്രമായിരുന്നു 'കിംഗ് ഓഫ് കൊത്ത'. ഞാൻ തന്നെ സിനിമയുടെ നിർമാതാവായതിനാൽ വലിയ രീതിയിലാണ് ആ സിനിമ ഞങ്ങൾ ചെയ്തത്. ചിത്രമെടുത്ത അഭിലാഷ് ജോഷി എൻ്റെ ഒരു പഴയ സുഹൃത്ത് ആണ്. അവന്റെയും ആദ്യത്തെ സിനിമ ആയിരുന്നു അത്. ഒരു സിനിമ പ്രതീക്ഷിച്ച രീതിയിൽ വർക്ക് ആയില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കാണ് കാരണം ആ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഞാനാണ്', ദുൽഖർ പറഞ്ഞു.

ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരുന്നു 'കിം​ഗ് ഓഫ് കൊത്ത'. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയത്. ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നായിരുന്നു ചിത്രം നിർമിച്ചത്.

Content Highlights: Dulquer Salmaan talks about the failure of King of Kotha

dot image
To advertise here,contact us
dot image