മലയാളത്തിലെ ആദ്യത്തെ ഡിസോപ്പിയൻ മോക്കുമെന്ററി ചിത്രമായ ഗഗനചാരി ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. ജൂൺ 21 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം നാല് മാസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരിക്കാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 2040 ലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ ഏലിയൻ ഹണ്ടർ വിക്ടർ വാസുദേവൻ ആയിട്ടായിരുന്നു ഗണേഷ് കുമാർ ചിത്രത്തിൽ എത്തിയത്.
'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിർമിച്ചത് അജിത് വിനായകയായിരുന്നു. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. ചിത്രത്തിന്റെ മികച്ച പ്രതികരണത്തിന് പിന്നാലെ അതേ ടീം ഒന്നിക്കുന്ന പുതിയ ചിത്രം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്.
ഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകൻ അരുൺ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്. റിക്ക് & മോർട്ടി എന്ന ആനിമേറ്റഡ് സയൻസ് ഫിക്ഷൻ സിറ്റ് കോമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
Content Highlights: Gaganachari unexpectedly release OTT