'എല്ലാം ഫേക്ക്', തൽക്കാലം പേടിപ്പിക്കാനില്ല; അരൺമനൈ 5 ഒരുങ്ങുന്നു എന്ന അഭ്യൂഹം നിഷേധിച്ച് ഖുശ്ബു

'ഞങ്ങൾ സിനിമ ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾ നിങ്ങളെ നേരിട്ട് ബന്ധപ്പെടും. അതുവരെ കാത്തിരിക്കുക'

dot image

കോളിവുഡിൽ വലിയ ഫാൻബേസുള്ള ഫ്രാഞ്ചൈസിയാണ് സുന്ദർ സി ഒരുക്കിയ അരൺമനൈ സീരീസ്. ഇതുവരെ നാലുഭാഗങ്ങൾ പുറത്തിറങ്ങിയിട്ടുള്ള ഫ്രാഞ്ചൈസിയിലെ നാലാം ചിത്രം അണിയറയിൽ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങളെയെല്ലാം നിഷേധിച്ചിരിക്കുകയാണ് നടിയും സുന്ദർ സി യുടെ ഭാര്യയുമായ ഖുശ്ബു. സിനിമയുടേതായി പ്രചരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം വ്യാജമാണെന്ന് ഖുശ്‌ബു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

'തമിഴ് സിനിമയിലെ വിജയകരവും ഏറ്റവും വലിയ എൻ്റർടെയ്‌നറുമായ അരൺമനൈ ഫ്രാഞ്ചൈസി അതിന്റെ അഞ്ചാം സിനിമയ്ക്കായി തയ്യാറെടുക്കുന്നു എന്ന തരത്തിൽ ധാരാളം ഊഹാപോഹങ്ങളും വാർത്തകളും പ്രചരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ, സ്റ്റാർ കാസ്റ്റ്, ഫസ്റ്റ്ലുക്ക്, പോസ്റ്റർ ഡിസൈനുകൾ തുടങ്ങിയവയും സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുണ്ട്. എന്നാൽ എല്ലാം വ്യാജമാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബിസിനസ്സ് ചെയ്യുന്നവർ അത് അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക. ഞങ്ങൾ സിനിമ ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾ നിങ്ങളെ നേരിട്ട് ബന്ധപ്പെടും. അതുവരെ കാത്തിരിക്കുക,' എന്ന് ഖുശ്ബു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് അരൺമനൈ 5ന്റേത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിച്ചത്. ഹിപ്ഹോപ് തമിഴ പ്രധാന വേഷവും സംഗീതവും അവതരിപ്പിക്കുമെന്നും നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വർഷം റിലീസ് ചെയ്യുമെന്നുമെല്ലാം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014 ൽ ആണ് റിലീസ് ചെയ്തത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.

ഈ വർഷമാണ് ഫ്രാഞ്ചൈസിയിൽ നാലാം ചിത്രമായ അരൺമനൈ 4 റിലീസ് ചെയ്തത്. ബോക്സ് ഓഫീസിലും വലിയ തരം​ഗമായിരുന്നു അരൺമനൈ 4. സുന്ദർ സിയുടെ സ്ഥിരം ഫോർമാറ്റിൽ എത്തിയ ചിത്രത്തിൽ സംവിധായകനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.

Content Highlights: Khushbu says that the reports about Aranmanai 5 are fake

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us