ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി വലിയ വിജയം നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. 6 വർഷത്തോളമായി ഹോളിവുഡ് സിനിമകളിൽ നടി സജീവമാണ്. രണ്ട് ഇൻഡസ്ട്രികൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പങ്കുവെക്കുകയാണ് പ്രിയങ്ക ഇപ്പോൾ. ഹോളിവുഡിൽ എല്ലാ കാര്യവും വളരെ കൃത്യമായിരിക്കുമെന്നും ബോളിവുഡിൽ എല്ലാം അയഞ്ഞ മട്ടിലാണ് നടക്കുന്നതെന്നും പ്രിയങ്ക പറയുന്നു. ഫോബ്‌സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'പൊതുവെ നോക്കുമ്പോൾ എല്ലാ രാജ്യങ്ങളും വ്യത്യസ്തമല്ലേ. ജോലിയുടെ കാര്യത്തിലായാലും നമുക്ക് നമ്മുടേതായ ഒരു സംസ്കാരമുണ്ട്. ഹോളിവുഡും ബോളിവുഡും തമ്മിൽ ഒരു പ്രധാന വ്യത്യാസം ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് പേപ്പർ വർക്കിന്റെ കാര്യത്തിലാണ്. ഹോളിവുഡിൽ പേപ്പറിൽ വരുന്ന ഒരുപാട് ജോലികളുണ്ട്. അടുത്ത ദിവസത്തിന്റെ ജോലി എന്താണെന്നുള്ള 100 ഇമെയിലുകൾ നിങ്ങൾക്ക് വരും. സമയത്തിന്റെ കാര്യവും വളരെ കൃത്യമായിരിക്കും. നിങ്ങളുടെ കാൾ ടൈം എന്ന് പറയുന്നത് 7:32 pm ഒക്കെ ആകും. തലേ ദിവസം നിങ്ങൾ എപ്പോഴാണ് ഷൂട്ടിങ് അവസാനിപ്പിച്ചത് എന്നെല്ലാം നോക്കി ആയിരിക്കും പിന്നീടുള്ള കാര്യങ്ങൾ ക്രമീകരിക്കുക. സിനിമകളുടെ പ്രൊഡക്ഷൻ വളരെ കൃത്യമായി സംഘടിപ്പിക്കുന്നതാകും.
എന്നാൽ ബോളിവുഡിലെ കാര്യങ്ങൾ അങ്ങനെയല്ല. വളരെ അയഞ്ഞ മട്ടിലാണ് കാര്യങ്ങൾ ചെയ്യുക. രണ്ടു തരത്തിലുള്ള ജോലി രീതികളാണ് ഇത്. നമ്മളുടെ ക്രിയേറ്റിവിറ്റി എന്ന് പറയുന്നത് വളരെ സ്വാഭാവികം ആയിട്ടാകും വരിക. ഇതൊക്കെയാണ് ഞാൻ കണ്ടിട്ടുള്ള വ്യത്യാസങ്ങൾ. ഇതെല്ലം മാറ്റി നിർത്തിയാൽ ലോകത്തുള്ള എല്ലാ സിനിമകളും സംസാരിക്കുന്നത് ഒരേ ഭാഷയിൽ തന്നെയാണ്. സ്ക്രിപ്റ്റ്, പ്രൊഡ്യൂസർമാർ എന്നിവയെല്ലാം ഒരേ പോലെയാണ്' പ്രിയങ്ക പറഞ്ഞു.
2021 ൽ ഇറങ്ങിയ നെറ്റ്ഫ്ലിക്സ് സീരിസായ വൈറ്റ് ടൈഗറാണ് പ്രിയങ്കയുടേതായി അവസാനം ഇറങ്ങിയ ബോളിവുഡ് ചിത്രം. പ്രധാന വേഷം കൈകാര്യം ചെയ്യുന്നതിന് പുറമേ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു പ്രിയങ്ക. ഹോളിവൂയ്ഡ് ചിത്രങ്ങളായ ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദി ബ്ലഫ് എന്നിവയാണ് ഇനി അടുത്തതായി പുറത്തിറങ്ങാനുള്ള പ്രിയങ്കയുടെ ചിത്രങ്ങൾ.
Content Highlights: Priyanka Chopra on Differences in Hollywood Bollywood Industries