തെന്നിന്ത്യൻ സിനിമാലോകം മുഴുവൻ സൂര്യ ചിത്രം കങ്കുവയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിൽ ഒട്ടുമിക്ക ഇൻഡസ്ട്രികളിലും റെക്കോർഡ് സ്ക്രീൻ കൗണ്ടുകളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതും. ഈ അവസരത്തിൽ സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം സംബന്ധിച്ച വാർത്തകളാണ് ശ്രദ്ധ നേടുന്നത്.
സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഡബ്ബിങ് അവകാശം 25 കോടിക്കാണ് വിറ്റുപോയിരിക്കുന്നത്. രജനികാന്ത്, വിജയ് തുടങ്ങിയ സഹതാരങ്ങളുടെ സമീപകാല റിലീസുകളെക്കാൾ വലിയ തുകയാണിത്. രജനികാന്തിന്റെ അവസാന റിലീസായ വേട്ടയ്യന് ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് 16 കോടിയായിരുന്നു ലഭിച്ചത്. വിജയ് ചിത്രം ഗോട്ടിന് തെലുങ്ക് ഡബ്ബിങ് അവകാശത്തിലൂടെ ലഭിച്ചത് 17 കോടിയും.
സൂര്യയുടെ ഗജിനി, സിങ്കം തുടങ്ങിയ സിനിമകൾക്ക് തെലുങ്കിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നാലെ വന്ന ഏഴാം അറിവ്, മാട്രാൻ, 24 തുടങ്ങിയ സിനിമകൾ ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും കങ്കുവയുടെ പ്രൊമോകളും പോസ്റ്ററും സൂര്യ ആരാധകരെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിതരണക്കാരുടെ നിഗമനം.
അതേസയം നവംബർ 14-നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബുക്ക് മൈ ഷോ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ താൽപര്യവും വർധിച്ചിരിക്കുകയാണ്.
കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
Content Highlights: Suriya movie Kanguva surpassed Vettaiyan and GOAT in Telugu dubbing rights