'വിജയകാന്തിന് ശേഷം ഏറ്റവും പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ പ്രവേശനമാണ് വിജയ്‌യുടേത്‌'; മാനാടിന് ആശംസകളുമായി വിശാൽ

"അദ്ദേഹം ഞാൻ ഉൾപ്പെടെയുള്ള ജനങ്ങൾക്കായി എന്താണ് ചെയ്യുക എന്നും എന്ത് മാറ്റമാണ് കൊണ്ടുവരുന്നത് എന്നും കാണാൻ കാത്തിരിക്കുകയാണ്"

dot image

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം നടനും തമിഴ്‌നാട് വെട്രി കഴകം പ്രസിഡന്റുമായ വിജയ് നടത്തുന്ന ആദ്യ പൊതുസമ്മേളനത്തിന് ആശംസകളുമായി നടൻ വിശാൽ. വിജയ് എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ താൻ കാത്തിരിക്കുകയാണ്. വിജയകാന്തിന് ശേഷം ഏറ്റവും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ പ്രവേശനമാണ് വിജയ്‍യുടേത് എന്നും വിശാൽ മാധ്യമങ്ങളോട് പറഞ്ഞു.

'ആദ്യ ചുവട് വെക്കുന്ന വിജയ്ക്ക് ആശംസകൾ. ക്യാപ്റ്റൻ വിജയകാന്തിന് ശേഷം ഏറ്റവും പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ നേതാവാണ് വിജയ്. അദ്ദേഹം ഞാൻ ഉൾപ്പെടെയുള്ള ജനങ്ങൾക്കായി എന്താണ് ചെയ്യുക എന്നും എന്ത് മാറ്റമാണ് കൊണ്ടുവരുന്നത് എന്നും കാണാൻ കാത്തിരിക്കുകയാണ്. സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വരിക എന്നാൽ നിസാര കാര്യമല്ല. കോടികൾ വേണ്ട, ജനങ്ങൾക്ക് സേവനം ചെയ്യണം എന്ന തീരുമാനം നിസാരമല്ല. അദ്ദേഹം എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ കാത്തിരിക്കുകയാണ്. വിജയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്,' വിശാൽ പറഞ്ഞു.

അതേസമയം, വിജയ്‌യുടെ ആദ്യ പൊതുസമ്മേളനത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ഒക്ടോബർ 27 ന് തമിഴ്‌നാട് വില്ലുപുരത്താണ് ആദ്യ പൊതുസമ്മേളനം നടക്കുക. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരും വിജയ് ആരാധകരും സമ്മേളനത്തിന് എത്തി തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറിൽ നടത്താനിരുന്ന സമ്മേളനം പൊലീസ് ക്ലിയറൻസ് കിട്ടാത്തത് മൂലം ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. ആഗസ്ത് 27നായിരുന്നു ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് വില്ലുപുരം ജില്ലാ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് സമ്മേളനം നടത്താൻ അനുമതി തേടി നിവേദനം നൽകിയത്. എന്നാൽ, പൊലീസ് ക്ലിയറൻസ് ലഭിച്ചില്ല. കൂടാതെ സമ്മേളനവുമായി ബന്ധപ്പെട്ട് 21 ചോദ്യങ്ങൾ പൊലീസ് നൽകുകയും ചെയ്തു. ഇതിന് ഉത്തരം നൽകിയതോടെയാണ് സമ്മേളനത്തിന് പൊലീസ് അനുമതി നൽകിയത്.

വില്ലുപുരത്ത് 85 ഏക്കർ സ്ഥലമാണ് സമ്മേളനം നടത്താൻ പാർട്ടി തിരഞ്ഞെടുത്തത്. സമ്മേളന നഗരിയിൽ ഒന്നടങ്കമായി അഞ്ഞൂറിലധികം കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സമ്മേളന നഗരിയിൽ വഴി തെറ്റിയാലോ ആളുകളെ കാണാതായാലോ അവരെ കണ്ടെത്താനും ബന്ധപ്പെടാനും സമ്മേളന ഗ്രൗണ്ടിലും നാല് പാർക്കിംഗ് ഏരിയകളിലും മിസ്സിംഗ് സോൺ ഹെൽപ്പ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. സമ്മേളനത്തിനെത്തുന്നവർക്കെല്ലാം ശുചിമുറി സൗകര്യം, കുടിവെള്ളം, എമർജൻസി മെഡിക്കൽ അസിസ്റ്റൻസ് സെന്ററുകൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. 150-ലധികം ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും സഹായികളും ഡ്യൂട്ടിയിലുണ്ടാകും.

Content Highlights: Vishal wishes Vijay ahead of Tamilaga Vetri Kazhagam first state conference

dot image
To advertise here,contact us
dot image