ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായം ഇല്ലാതെ പ്രവർത്തിക്കുന്ന മേഖലകൾ ഇന്ന് വളരെ കുറവാണ്. സിനിമയിലും എഐയുടെ സഹായത്തോടെ വിടപറഞ്ഞ് പോയ പല ഗായകരുടെയും ശബ്ദം വീണ്ടും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ എഐയോട് എതിര്‍പ്പില്ലെങ്കിലും കലാകാരന്മാര്‍ക്ക് പകരമാകാന്‍ ഇതിനാവില്ല എന്നാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പറയുന്നത്. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഞാൻ ഒരിക്കലും നിർമിത ബുദ്ധിക്ക് എതിരല്ല. എങ്കിലും കലാകാരന്‍മാര്‍ക്കും അവരുടെ സര്‍ഗശേഷിയ്ക്കും പകരമാകാന്‍ എഐയ്ക്ക് സാധ്യമാകുമെന്ന് ഞാൻ കരുതില്ല. ഈണം സൃഷ്ടിക്കാന്‍ മനുഷ്യന്റെ ഹൃദയവും ബുദ്ധിപൂര്‍വ്വകമായ മനസ്സും ആവശ്യമാണ്. താനും എഐയുടെ സഹായം തേടാറുണ്ട്. ഒരു ഉപകരണം എന്ന നിലയില്‍ എഐ നല്ലതാണ്. ഞാന്‍ പോസ്റ്ററിനായി എഐ ഉപയോഗിക്കാറുണ്ട്. ചില സമയത്ത് അതിന്റെ ഫലം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചിലസമയത്ത് വളരെ മോശം ഫലമാണ് ലഭിക്കാറുള്ളത്' റഹ്മാൻ പറഞ്ഞു.
ഗിറ്റാറുമായി സ്‌റ്റേജില്‍ കയറി പാട്ടുപാടുന്ന യഥാര്‍ത്ഥ കലാകാരന്മാര്‍ തന്നെയാണ് ഭാവിയിലുണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും പിഴവുകള്‍ കൂടുതല്‍ തിരിച്ചറിയാനും അംഗീകരിക്കാനും ഡിജിറ്റലൈസേഷന്‍ പ്രയോജനം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: A R Rahman about artificial intelligence