തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഹൈപ്പുള്ള റിലീസുകളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ അടുത്ത മാസമാണ് റിലീസിനെത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ അല്ലുവിന്റെ പ്രതിഫലം സംബന്ധിച്ച വാർത്തകളാണ് ശ്രദ്ധ നേടുന്നത്. പുഷ്പ 2 നായി അല്ലു 300 കോടി രൂപ പ്രതിഫലം വാങ്ങുമെന്നാണ് ട്രാക്ക് ടോളിവുഡിനെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടനായി അല്ലു അർജുൻ മാറുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഷാരൂഖ് ഖാനായിരുന്നു ഏറ്റവും അധികം പ്രതിഫലം കൈപറ്റിയിരുന്ന നടൻ. 250 കോടിയായിരുന്നു നടൻ ഒരു സിനിമയ്ക്ക് വാങ്ങിയിരുന്നത്. എന്നാൽ ദളപതി 69 ലൂടെ ഇതിനെ മറികടന്ന് വിജയ് 275 കോടി രൂപ പ്രതിഫലം കെെപ്പറ്റിയെന്ന് വിവരമുണ്ടായിരുന്നു. ഈ തുകയെയും പിന്തള്ളിയാണ് അല്ലു ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി മാറുന്നത്.
ഈ വർഷം ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് അല്ലുവിന്റെ പുഷ്പ 2. ഡിസംബർ ആദ്യവാരമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പുഷ്പയുടെ ആദ്യ ഭാഗം 'പുഷ്പ ദ റൈസ്' ന്റെ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം സുകുമാർ ആരംഭിച്ചത്. നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം നൽകുന്നത്. അല്ലു അർജുന് പുറമെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.
Content Highlights: Allu Arjun surpassed Vijay and Sharukh Khan to become the highest paid Indian actor