അന്ന് മോഹൻലാൽ ചിത്രങ്ങളിലെ നായിക; 33 വർഷങ്ങൾക്ക് ശേഷം '1000 ബേബീസി'ലൂടെ ഞെട്ടിക്കുന്ന നീന ഗുപ്ത

ഹിന്ദിയ്ക്കും മലയാളത്തിനും പുറമെ നിരവധി അന്താരാഷ്ട്ര ചിത്രങ്ങളിലും നീന ഗുപ്ത അഭിനയിച്ചിരുന്നു.

dot image

1000 ബേബീസ് എന്ന വെബ് സീരിസ് സ്ട്രീം ചെയ്ത് തുടങ്ങിയതിന് ശേഷം നീന ഗുപ്ത അവതരിപ്പിച്ച സാറ ഔസേപ്പിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അസാധാരണമായ സ്വഭാവ സവിശേഷതകളുള്ള ഹെഡ് നഴ്‌സ് സാറയായി സമാനതകൾ ഇല്ലാത്ത പ്രകടനമായിരുന്നു നീന ഗുപ്ത സീരിസിൽ കാഴ്ച വെച്ചത്.

33 വർഷങ്ങൾക്ക് ശേഷമാണ് നീന ഗുപ്ത മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ നായകനായ അഹം, വാസ്തുഹാര എന്നീ ചിത്രങ്ങളിലായിരുന്നു നീന ഗുപ്ത ഇതിന് മുമ്പ് അഭിനയിച്ചത്.

ജി. അരവിന്ദൻ രചനയും സംവിധാനവും നിർവഹിച്ച വാസ്തുഹാരയിൽ മോഹൻലാലിന്റെ നായികയായിട്ടായിരുന്നു നീന ഗുപ്ത എത്തിയത്. ഇന്ത്യ - ബംഗാൾ വിഭജനത്തിന്റെ ഭാഗമായി അഭയാർത്ഥികളായവരുടെ ജീവിതം അടിസ്ഥാനമാക്കി സി വി ശ്രീരാമൻ എഴുതിയ വാസ്തുഹാര എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുങ്ങിയത്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി കൽക്കട്ടയിൽ എത്തുന്ന മലയാളി സർക്കാർ ഉദ്യോഗസ്ഥനായ വേണുവായിട്ടായിരുന്നു മോഹൻലാൽ ചിത്രത്തിൽ എത്തിയത്. വേണുവിന്റെ അമ്മാവന്റെ മകളായ ദമയന്തി പണിക്കർ ആയിട്ടായിരുന്നു നീന ഗുപ്ത അഭിനയിച്ചത്.

തൊട്ടടുത്ത വർഷം റിലീസ് ചെയ്ത അഹം എന്ന ചിത്രത്തിലും നീന ഗുപ്ത അഭിനയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന സിദ്ധാർത്ഥൻ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ മോഹൻലാൽ എത്തിയത്. മാനസിക പ്രശ്നങ്ങളുള്ള രോഗികളെ പരിചരിക്കുന്ന സ്ഥാപനത്തിലെ മദർ നോബിൾ ആയിട്ടായിരുന്നു ചിത്രത്തിൽ നീന അഭിനയിച്ചത്.

സിനിമയ്ക്ക് പുറമെ അക്കാദമിക് രംഗത്തും നീന ഗുപ്ത തിളങ്ങിയിരുന്നു. സംസ്‌കൃതത്തിൽ എംഎയും എംഫില്ലും നേടിയ നീന 1980 കളിൽ നാഷണൽ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവും നേടിയിരുന്നു.

ഹിന്ദിയ്ക്കും മലയാളത്തിനും പുറമെ നിരവധി അന്താരാഷ്ട്ര ചിത്രങ്ങളിലും നീന ഗുപ്ത അഭിനയിച്ചിരുന്നു. 1982 ൽ പുറത്തിറങ്ങിയ ഗാന്ധി, 'ദി ഡിസീവേഴ്സ്' (1988), 'മിർസ ഗാലിബ്' (1989), 'ഇൻ കസ്റ്റഡി', 'കോട്ടൺ മേരി' (1999) തുടങ്ങിയ ചിത്രങ്ങളിലായിരുന്നു നീന അഭിനയിച്ചത്. 1993 ൽ മാധുരി ദീക്ഷീതിനൊപ്പം കൽനായക് എന്ന ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു. ചിത്രത്തിലെ വിവാദ ഗാനമായ 'ചോളി കേ പീച്ചേ' യിലും നീന ഗുപ്തയുണ്ടായിരുന്നു.

ഒരു ഘട്ടത്തിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും സമീപകാലത്തായി ശക്തമായ വേഷങ്ങളിലൂടെ നീന തിരിച്ചുവരവ് നടത്തിയിരുന്നു. 'ബദായി ഹോ'യിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയ വേഷങ്ങളിലൊന്നാണ്. തിയേറ്ററിലും ഒടിടിയിലും സജീവ സാന്നിധ്യമാണ് നീന ഗുപ്ത ഇപ്പോള്‍.

Content Highlights: Heroine of Mohanlal films Neena Gupta shocks with 1000 Babies Series after 33 years in Malayalam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us