സംഗീതസംവിധാനം ചെയ്ത പശ്ചാത്തല സംഗീതങ്ങൾ പങ്കുവെയ്ക്കാനായി പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ച് സംഗീത സംവിധായകൻ ഇളയരാജ. 'ഇളയരാജ ബിജിഎം' എന്ന പേരിലാണ് പുതിയ യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതത്തിനായി ഔദ്യോഗിക യൂട്യൂബ് ചാനൽ പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇളയരാജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്റെ പാട്ടുകൾ നിങ്ങളെ ആകർഷിച്ചത് പോലെ ഈ പശ്ചാത്തല സംഗീതവും നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇളയരാജ പറഞ്ഞു.
പാ എന്ന ചിത്രമാണ് ഇളയരാജയുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. തമിഴ്നാട്ടിലെ പുന്നൈപുരത്തു 1943 ൽ ജനിച്ച ഇളയരാജ സഹോദരന്റെ ഗാനമേള സംഘമായ 'പാവലാർ ബ്രദേഴ്സി'ൽ പാടിക്കൊണ്ടായിരുന്നു സംഗീത രംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് ജോലി തേടി മദ്രാസിലേക്ക് എത്തുകയായിരുന്നു. സംഗീതസംവിധായകൻ ജികെ വെങ്കിടേഷിന്റെ അസിസ്റ്റന്റായിട്ടായിരുന്നു ഇളയരാജ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.
1976-ൽ 'അന്നക്കളി' എന്ന ചിത്രത്തിന് സംഗീതം നൽകിയാണ് ഇളയരാജ തമിഴ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്കാണ് ഇളയരാജ സംഗീതം നൽകിയിരിക്കുന്നത്.
നേരത്തെ സംഗീതം പകർന്ന ഗാനങ്ങളുടെ പകർപ്പവകാശത്തിന് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. ഇത് പല തർക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
അതേസമയം, ഇളയരാജയുടെ ജീവിതം സിനിമയായി ഒരുങ്ങുന്നുണ്ട്. ധനുഷ് ആണ് ഇളയരാജയായി വെള്ളിത്തിരയിൽ എത്തുന്നത്. ഇളയരാജ എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നതും ഇളയരാജ തന്നെയാണ്. ചിത്രം 2025 ൽ തിയേറ്ററുകളിൽ എത്തും.
Content Highlights: Ilayaraja started YouTube channel exclusively for BGM