സൂര്യ നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം കങ്കുവ തനിക്ക് വേണ്ടി ചെയ്യാൻ ഉദ്ദേശിച്ച സിനിമയാണെന്ന് രജനികാന്ത്. ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകനോട് മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പീരിയഡ് ചിത്രം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞിരുന്നെന്നും ഉറപ്പായും ചെയ്യാമെന്ന് തനിക്ക് വാക്ക് തന്നതായും രജനികാന്ത് പറഞ്ഞു.
'അണ്ണാത്തെ ചിത്രം ചെയ്യുമ്പോൾ ഞാൻ ശിവയോട് പറഞ്ഞിരുന്നു എനിക്ക് വേണ്ടി ഒരു പീരിയഡ് സിനിമ ചെയ്യാന്. ശിവയും കെ ഇ ജ്ഞാനവേലും ഒന്നിച്ചാൽ അത് നല്ലതായിരിക്കുമെന്നും പറഞ്ഞു. കങ്കുവ എനിക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്, തുടർന്ന് സ്റ്റുഡിയോ ഗ്രീനിലേക്കും സൂര്യയിലേക്കും പോയി' രജനികാന്ത് പറഞ്ഞു.
"I asked #Siva to make a period film with me. I am pretty sure that #Kanguva was made for me & then gone to Studio Green & #Suriya😁"
— AmuthaBharathi (@CinemaWithAB) October 26, 2024
- Superstar #Rajinikanth sent his lovely video byte for the team & wished as he was occupied with #Coolie Shooting ❤️pic.twitter.com/tnKYgNzHXa
സൂര്യയുടെ കഴിവും പെരുമാറ്റവും എല്ലാം എല്ലാവർക്കും അറിയുന്നതാണ്. സൂര്യയെ പോലൊരു ജെന്റിൽമാൻ ഇൻഡസ്ട്രിയിൽ വേറെയില്ല. വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ സൂര്യയുടേത്. ബ്രഹ്മാണ്ഡ ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
നവംബർ 14 നാണ് കങ്കുവ തിയേറ്ററുകളിൽ എത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേലും വംശി പ്രമോദും ചേർന്നാണ്. ഇരട്ട റോളുകളിലാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് കങ്കുവയിൽ നായികയായി എത്തുന്നത്. ബോബി ഡിയോളാണ് കങ്കുവയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവൈ സരള, ജഗപതി ബാബു, യോഗി ബാബു. ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Kanguva film made for Rajinikanth? video gone viral