വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നേരത്തെ കങ്കുവയുടെ ഓഡിയോ റിലീസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നടൻ സൂര്യയും വിജയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.
തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നുമായിരുന്നു സൂര്യ പറഞ്ഞത്. സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് വിജയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.
All the very best @actorvijay sir.... Wishing u all Success in ur new Journey 👍👍 pic.twitter.com/ki3kKJDdK6
— karthik subbaraj (@karthiksubbaraj) October 27, 2024
തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രി ലക്ഷ്യമിടുന്ന നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയ്‍യുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അണ്ണാഡിഎംകെ വിജയ്‍യെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. തമിഴ്നാട്ടിലെ ഭരണ - പ്രതിപക്ഷ പാര്‍ട്ടികളോടുള്ള നയവും നിലപാടും വിജയ് ഇന്നത്തെ പ്രസംഗത്തിലൂടെ വിശദീകരിക്കും. സിനിമ ലോകത്തു നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശം ഏറെ കണ്ട തമിഴകം വിജയ് എന്ന നടനെ രാഷ്ട്രീയക്കാരനായി എത്രത്തോളം സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
അതേസമയം രാഷ്ട്രീയ പ്രവേശനത്തോടെ സിനിമ കരിയറിൽ നിന്ന് വിട്ടു നിൽക്കുമെന്ന് നടൻ നേരത്തെ അറിയിച്ചിരുന്നു. വെങ്കട് പ്രഭു സംവിധാനത്തിലെത്തിയ ഗോട്ടാണ് വിജയ്‌യുടെ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Content Highlights: Karthik Subbaraj wishes Vijay 'all the support for the new beginning'