കല് ഹൊ നാ ഹോ, സലാം ഇ ഇഷ്ക്, ചാന്ദ്നി ചൗക് ടു ചൈന എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് നിഖില്‍ അദ്വാനി. കഭി ഖുഷി കഭി ഗം എന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിക്കുമ്പോഴുള്ള ഒരനുഭവം പങ്കിട്ടിരിക്കുകയാണ് നിഖിൽ ഇപ്പോൾ. ഷാരൂഖിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഇന്‍ട്രൊഡക്ഷന്‍ സീനുകളിൽ ഒന്നായിരുന്നു കഭി ഖുഷി കഭി ഗമ്മിലേത്. എന്നാൽ ഈ സീനിൽ ഷാരൂഖ് നിരാശനായിരുന്നുവെന്നാണ് നിഖില്‍ പറയുന്നത്. സൈറസ് സെയ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
'കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു കഭി ഖുഷി കഭി ഗമ്മിന്റേത്. വിദേശത്ത് പഠനത്തിനായി പോയ മകൻ വീട്ടിലേക്ക് സർപ്രൈസ് നൽകി വരുന്നു. അവന് വീട്ടുമുറ്റത്ത് കാലുകുത്തുമ്പോള്‍ ഉള്ളുകൊണ്ട് അതറിയുന്ന അമ്മയാണ് ചിത്രത്തിലുള്ളത്. പൂജാ താലവും കൈയിലേന്തി മകനെ സ്വീകരിക്കാന്‍ നിൽക്കുന്ന അമ്മ. ഒരു വൈകാരിക സീനായിരുന്നു അത്.
ഹെലികോപ്ടറിലാണ് ഷാരൂഖ് ഈ സീനില്‍ വന്നിറങ്ങുന്നത്. അത് പറഞ്ഞപ്പോള്‍ തന്നെ ഷാറൂഖ് ത്രില്ലിലായി. എന്നാല്‍ താഴെ ലാന്‍ഡ് ചെയ്യുന്ന ഹെലികോപ്ടറില്‍ നിന്ന് പതിയെ ചാടിയിറങ്ങുന്നതാണ് സീന്‍ എന്ന് പറഞ്ഞതോടെ ഷാരൂഖ് ആകെ നിരാശനായി. ഉയരത്തില്‍നിന്നും നായകന് അതിസാഹസികമായി ഹെലികോപ്ടറില്‍ നിന്നും ചാടിയിറങ്ങും എന്നാണ് അദ്ദേഹം കരുതിയിരുന്നത് ,' നിഖില്‍ ഓർമകൾ പങ്കുവെച്ചത് ഇങ്ങനെ.
ജയാ ബച്ചന്റെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലുളള്ള രംഗമായിരുന്നു അത്, അതിനാലാണ് അങ്ങനെ ചിത്രീകരിച്ചതെന്നും നിഖില്‍ പറഞ്ഞു. അതേസമയം, ഷാരുഖ് ഖാൻറെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം ഡങ്കിയാണ്. തിയേറ്ററിൽ ഹിറ്റായ ചിത്രം 470 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്.
Content Highlights: shah rukh khan was disappointed with kabhi khushi kabhie gham scene revealed nikhil advani