വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകൾ അറിയിച്ച് സംവിധായകരും നിർമാതാക്കളും ഗായകരും അഭിനേതാക്കളും അടക്കം നിരവധി പേരാണ് രംഗത്തെത്തിയത് . ഇപ്പോഴിതാ പുതിയ തുടക്കത്തിന് വിജയ്ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ.
'ഇന്ന് തുടക്കമാകുന്നു പുതിയ യാത്രയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ വാഴ്ത്തുകൾ' എന്നാണ് ശിവകാർത്തികേയൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ട് അറിയിച്ചിരുന്നു. സൂര്യ, വിജയ് സേതുപതി, വെങ്കട് പ്രഭു, പ്രേം കുമാർ, അർച്ചന കൽപാത്തി, തുടങ്ങി നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ചിരിക്കുന്നത്.
തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രി ലക്ഷ്യമിടുന്ന നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
இன்று தனது புதிய பயணத்தை தொடங்கவிருக்கும் விஜய் சாருக்கு எனது மனமார்ந்த வாழ்த்துகள் 🙏❤️ @tvkvijayhq
— Sivakarthikeyan (@Siva_Kartikeyan) October 27, 2024
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയ്‍യുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അണ്ണാഡിഎംകെ വിജയ്‍യെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. തമിഴ്നാട്ടിലെ ഭരണ - പ്രതിപക്ഷ പാര്‍ട്ടികളോടുള്ള നയവും നിലപാടും വിജയ് ഇന്നത്തെ പ്രസംഗത്തിലൂടെ വിശദീകരിക്കും. സിനിമ ലോകത്തു നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശം ഏറെ കണ്ട തമിഴകം വിജയ് എന്ന നടനെ രാഷ്ട്രീയക്കാരനായി എത്രത്തോളം സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
അതേസമയം രാഷ്ട്രീയ പ്രവേശനത്തോടെ സിനിമ കരിയറിൽ നിന്ന് വിട്ടു നിൽക്കുമെന്ന് നടൻ നേരത്തെ അറിയിച്ചിരുന്നു. വെങ്കട് പ്രഭു സംവിധാനത്തിലെത്തിയ ഗോട്ടാണ് വിജയ്‌യുടെ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Content Highlights: sivakarthikeyan wishes Vijay political party beginning