കല്‍ ഹോ നാ ഹോ, സലാം ഇ ഇഷ്‌ക്, ചാന്ദ്‌നി ചൗക് ടു ചൈന എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് നിഖില്‍ അദ്വാനി. കരൺ ജോഹർ സംവിധാനം ചെയ്ത 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി കരിയർ ആരംഭിച്ച നിഖിൽ, ഷാരൂഖ് ഖാൻ ചിത്രമായ 'കൽ ഹോ നാ ഹോ'യിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
'കൽ ഹോ നാ ഹോ' ചെയ്യുമ്പോൾ ഷാരൂഖ് മുഴുവൻ തിരക്കഥയും വായിച്ചിരുന്നില്ല. തന്റെയും കരൺ ജോഹറിന്റെയും പുറത്തുള്ള വിശ്വാസത്തിലാണ് ഷാരൂഖ് ആ സിനിമ ചെയ്തതെന്നും നിഖിൽ പറഞ്ഞു. ഒരു സംവിധായകൻ എന്ന നിലയിൽ കരിയറിന് താൻ കടപ്പെട്ടിരിക്കുന്നത് ഷാരൂഖ് ഖാനോടാണെന്നും നിഖിൽ മനസുതുറന്നു.
'ഒരിക്കൽ, ഞാൻ സംവിധാനം ചെയ്താൽ മാത്രമേ ധർമ്മ പ്രൊഡക്ഷൻസിന്റെ അടുത്ത സിനിമയിൽ പ്രവർത്തിക്കൂ എന്ന് യഷ് ചോപ്രയോട് ഷാരൂഖ് ഖാൻ ഒരു നിബന്ധന വെച്ചിരുന്നു. 'കൽ ഹോ നാ ഹോ'യുടെ സ്ക്രിപ്റ്റ് ഷാരൂഖ് ആദ്യ പേജ് വായിച്ചു, ഇൻ്റർവെൽ പോയിൻ്റിലേക്ക് ഒന്ന് കണ്ണോടിച്ചു, ശേഷം അവസാന പേജിലേക്ക് പോയി. മുഴുവൻ സ്ക്രിപ്റ്റും അദ്ദേഹം വായിച്ചില്ല. കരൺ എഴുതിയതാണെന്ന് എനിക്കറിയാം, നിങ്ങളാണ് ഇത് സംവിധാനം ചെയ്യുന്നത്, അതിനാൽ ഞാൻ നല്ല കൈകളിലാണെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നാണ് ഷാരൂഖ് എന്നാണ് എന്നോട് പറഞ്ഞത്, നിഖിൽ അദ്വാനി പറഞ്ഞു.
പ്രണയകഥകൾക്കപ്പുറം വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ഷാരൂഖ് ഖാന് അതിയായ ആഗ്രഹമുണ്ട്. ആ ആഗ്രഹം അദ്ദേഹം പലപ്പോഴും തന്നോട് ചർച്ച ചെയ്തിട്ടുണ്ടെന്നും നിഖിൽ അദ്വാനി പറഞ്ഞു. സൈറസ് ബ്രോച്ചയുമായി നടത്തിയ സംഭാഷണത്തിലാണ് നിഖിൽ ഇക്കാര്യം പറഞ്ഞത്.
ഷാരൂഖ് ഖാന് പുറമെ സൈഫ് അലി ഖാൻ, പ്രീതി സിന്റ എന്നവരായിരുന്നു 'കൽ ഹോ നാ ഹോ'യിൽ പ്രധാന വേഷത്തിലെത്തിയത്. ഒരു റൊമാന്റിക് ചിത്രമായി എത്തിയ കൽ ഹോ നാ ഹോ നിർമിച്ചത് ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആയിരുന്നു. 2003 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ പ്രകടനം മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. സിനിമയിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
Content Highlights: I owe Sharukh Khan my entire career as a director says Nikhil Advani