Jan 6, 2025
08:29 AM
ലോകസിനിമയുടെ ചരിത്രത്തിൽ എന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്. സിനിമയിലെ രംഗങ്ങളും കഥാപാത്രങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. അത്തരത്തിൽ എന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ. അവസാന രംഗങ്ങളിൽ കപ്പൽ തകരുമ്പോൾ റോസ് ഒരു'വാതില്‍പ്പലക'യുടെ കഷ്ണത്തിൽ കയറിയാണ് രക്ഷപ്പെടുന്നത്. എന്നാൽ ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയും ചെയുന്നുണ്ട്. എന്നാൽ ആ വാതില്‍പ്പലകയിൽ ഒരാൾക്ക് കൂടി കയറാനുള്ള സ്ഥലമുണ്ടായിരുന്നുവെന്നും എന്നിട്ട് എന്തുകൊണ്ട് റോസ് മാത്രം രക്ഷപ്പെട്ടുവെന്നും പല ആരാധകരും ചോദിക്കാറുണ്ട്. ഇപ്പോൾ ആ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് റോസായി അഭിനയിച്ച ഹോളിവുഡ് നടി കെയ്റ്റ് വിൻസ്ലറ്റ്.
റോസ് രക്ഷപ്പെടാൻ കാരണമായ ആ വാതിൽപ്പലക യഥാർത്ഥത്തിൽ ഒരു വാതിൽ അല്ലായിരുന്നു എന്നാണ് കെയ്റ്റ് വിൻസ്ലറ്റ് പറയുന്നത്. ഓസ്‌ട്രേലിയന്‍ ടോക്ക് ഷാ ആയ ദി പ്രോജക്ടിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. കപ്പൽ മുങ്ങുമ്പോൾ നായിക രക്ഷപെടാൻ കയറുന്ന വാതിൽപ്പലകയിൽ നായകനും സ്ഥലമുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. അത് ഒരു വാതിലാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ അങ്ങനെയല്ല. സ്റ്റെയര്‍വേയ്‌സിന്റേയോ മറ്റോ പൊട്ടിപ്പോയൊരു കഷ്ണം മാത്രമായിരുന്നു അത്. അതിൽ നായകന് സ്ഥലമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ആർക്കറിയാം എന്നായിരുന്നു നടി പറഞ്ഞത്.
ടൈറ്റാനിക് റിലീസ് ചെയ്തതിന് പിന്നാലെ ആരംഭിച്ച സംശയമാണ് ജാക്കും റോസും എന്തുകൊണ്ട് ആ പലകയിൽ ഒന്നിച്ച് കയറി രക്ഷപ്പെട്ടില്ല എന്നത്. ഇതിനെക്കുറിച്ച് വലിയ വാദപ്രതിവാദങ്ങൾ പോലും നടന്നിട്ടുണ്ട്. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സംവിധായകൻ ജെയിംസ് കാമറൂൺ സ്റ്റണ്ട് ഡബിൾസിനെ ഉപയോഗിച്ച് വിവിധ സാഹചര്യങ്ങൾ പുനരാവിഷ്കരിച്ചുകൊണ്ട് വിശദമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തിയിരുന്നു. ഒരുപക്ഷേ ജാക്ക് അന്ന് മുൻതൂക്കം നൽകിയത് റോസിന്റെ സുരക്ഷയായിരിക്കും എന്നാണ് കാമറൂൺ അന്ന് പറഞ്ഞതും.
Content Highlights: Kate Winslet talks about the floating door debate in Titanic movie