പ്രേമലു സിനിമയിലൂടെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ നടനാണ് ശ്യാം മോഹൻ. ചിത്രത്തിലെ ആദി എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രേമലു റീലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ശിവകാർത്തികേയൻ ചിത്രം അമരനിൽ ശ്യാം മോഹൻ അഭിനയിച്ചിരുന്നു. പ്രേമലു റിലീസ് ചെയ്തപ്പോൾ ആ സിനിമയിലെ ശ്യാം മോഹന്റെ കഥാപാത്രം താൻ ഏറെ ആസ്വദിച്ചെന്ന് പറയുകയാണ് ശിവകാർത്തികേയൻ. അമരൻ സിനിമയുടെ പ്രമോഷൻ ഭാഗമായി കേരളത്തിൽ നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം.
‘അമരന്‍ സിനിമയില്‍ കൂടെ അഭിനയിച്ച ഒരുപാട് ആളുകളുണ്ട്. ശ്യാം മോഹനും അമരനില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രേമലു എന്ന സിനിമ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്ത് കണ്ടിരുന്നു. ഇടക്കിടെ ‘ജെ.കെ’ എന്ന് പറഞ്ഞാണ് ആ കഥാപാത്രം പ്രേമലുവില്‍ വരുന്നത്. ആ സമയത്തൊക്കെ ഞാന്‍ ശ്യാമിനെ കാണുമ്പോള്‍ പെട്ടെന്ന് എന്റെ വൈഫിനോട് ‘ഇദ്ദേഹം എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്’ എന്ന് പറയുമായിരുന്നു.
പ്രേമലു വരുന്നതിന് മുമ്പായിരുന്നു അമരന്റെ ഷൂട്ടിങ് നടന്നിരുന്നത്. അന്ന് എന്തുചെയ്യുന്നുവെന്ന് ഞാന്‍ ശ്യാമിനോട് ചോദിച്ചിരുന്നു. അപ്പോള്‍ ചെറിയ സിനിമകളിലൊക്കെ ചെറിയ റോളുകളില്‍ അഭിനയിക്കുകയാണ് എന്നായിരുന്നു ശ്യാം മറുപടി പറഞ്ഞത്. പക്ഷേ അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ അദ്ദേഹം ഒരൊറ്റ സിനിമയിലൂടെ ഫേയ്മസായി. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രേമലുവില്‍ ശ്യാം വളരെ സൂപ്പറായി തന്നെ അഭിനയിച്ചിരുന്നു. ആ പടവും സൂപ്പറായിരുന്നു,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. ചിത്രത്തിൽ സായ് പല്ലവിയുടെ സഹോദരനായാണ് ശ്യാം മോഹൻ എത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: sivakarthikeyan about premalu movie actor shyam mohan