വിക്രത്തിലെ റോളക്സ് ചെയ്യുമ്പോൾ ഷൂട്ടിങ്ങിന്റെ അന്ന് രാവിലെ വരെ തനിക്ക് സീൻ പേപ്പർ കിട്ടിയിരുന്നില്ലെന്നും അതിനായി ഒരു തയ്യാറെടുപ്പുകളും ഇല്ലായിരുന്നെന്നും നടൻ സൂര്യ. ഷൂട്ടിന്റെ അന്നാണ് തനിക്ക് ഡയലോഗ് കിട്ടുന്നത്. ബാക്കിയെല്ലാം ക്യാൻഡിഡ് ആയി ചെയ്തതാണ്. 20 വർഷമായി താൻ സ്‌ക്രീനിൽ പുകവലിച്ചിട്ട്. പക്ഷെ റോളക്സ് ഒരു വില്ലൻ ആണ് അതുകൊണ്ട് എല്ലാ റൂളിനെയും താൻ ബ്രേക്ക് ചെയ്യാൻ തീരുമാനിച്ചെന്നും ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.
'സിനിമയിൽ അവസാനത്തെ രണ്ട് മിനിറ്റ് മാത്രമാണ് ഞാൻ വരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അര ദിവസത്തെ ഷൂട്ട് മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. 20 വർഷമായി ഞാൻ സ്‌ക്രീനിൽ പുകവലിച്ചിട്ട്. പക്ഷെ റോളക്സ് ഒരു വില്ലൻ ആണ് അതുകൊണ്ട് എല്ലാ റൂളിനെയും ഞാൻ ബ്രേക്ക് ചെയ്യാൻ തീരുമാനിച്ചു. ഷൂട്ടിന് തൊട്ടുമുൻപ് ഞാനൊരു സിഗരറ്റ് കൊണ്ടുവരാൻ പറഞ്ഞു. സിഗരറ്റ് വന്നതിന് ശേഷം ഞങ്ങൾ ഷൂട്ട് ആരംഭിച്ചു. കമൽ സാർ വരുന്നതിന് മുൻപ് ഷൂട്ട് തീർക്കണമെന്നായിരുന്നു എന്റെ മനസ്സിൽ. അദ്ദേഹത്തിന്റെ മുന്നിൽ എനിക്ക് അഭിനയിക്കാൻ ആകില്ല', സൂര്യ പറഞ്ഞു.
ഏറെ പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു കമൽ ഹാസൻ ചിത്രമായ വിക്രത്തിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന വില്ലൻ. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പും ഡയലോഗുമെല്ലാം വലിയ രീതിയിലാണ് ആരാധകർ സ്വീകരിച്ചത്. റോളക്സിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമെന്ന് ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരുന്നു. കാർത്തിയെ നായകനാക്കി ഒരുങ്ങുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് എത്തുമെന്നും കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സൂര്യ മനസുതുറന്നിരുന്നു.
Content Highlights: Suriya talks about the preperation behind Rolex character