എത്ര വലിയ ആളുടെ മകനായാലും സിനിമയിൽ നിലനിൽക്കണമെങ്കിൽ കഴിവ് ഉണ്ടാകണമെന്ന് വിജയ് സേതുപതിയുടെ മകനും നടനുമായ സൂര്യ വിജയ് സേതുപതി. എല്ലാവർക്കും അവരുടെ അച്ഛൻ ഹീറോ ആണ്. അദ്ദേഹം എങ്ങനെയാണോ പോകുന്നത് നമ്മളും ആ പാത പിന്തുടരാൻ ശ്രമിക്കും. അങ്ങനെയാണ് തനിക്കും സിനിമയിലേക്ക് വരണമെന്ന് ആഗ്രഹം വന്നതെന്നും സൂര്യ വിജയ് സേതുപതി പറഞ്ഞു. നെപ്പോട്ടിസത്തിൽ നിന്ന് വെളിയിൽ വന്ന് സക്സസ് ആകുന്നതാണ് ഏറ്റവും കഷ്ടമെന്നും സൂര്യ പറഞ്ഞു. ആദ്യമായി നായകനായി എത്തുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
'നമ്മൾ എത്ര വലിയ ആളുടെ മകനെന്ന് പറഞ്ഞാലും ചാൻസ് മാത്രമാണ് ലഭിക്കുക. കഴിവ് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇവിടെ നിലനിൽക്കാൻ പറ്റു. ഒരു സിനിമ കണ്ട് ഒരു സീനിനെപ്പറ്റി എന്റെ അച്ഛൻ എനിക്ക് വിവരിച്ച് തരാറുണ്ട്. അത് കാലങ്ങളായി കേട്ട് അതിനെക്കുറിച്ച് എനിക്ക് നന്നായി അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ ഞാൻ എന്റെ ജോലിയായി മാറ്റാൻ ശ്രമിക്കുകയാണ്. ഡോക്ടറുടെ മക്കൾ ഡോക്ടർ ആകുന്നു പൊലീസിന്റെ മക്കൾ പൊലീസ് ആകുന്നു. എന്തുകൊണ്ട് സിനിമാക്കാരന്റെ മക്കൾ സിനിമ നടൻ ആയിക്കൂടാ?', സൂര്യ വിജയ് സേതുപതി പറഞ്ഞു.
സ്റ്റണ്ട് മാസ്റ്റർ അനൽ അരസ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫീനിക്സ്. വരലക്ഷ്മി, സമ്പത്ത്,
ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വേല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം സാം സി എസ് ആണ്. എകെ ബ്രേവ്മാൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രാജലക്ഷ്മി അനൽ അരസ് ആണ് ചിത്രം നിർമിക്കുന്നത്.
Content Highlights: if you want to survive in the industry, you need talent says Suriya son of Vijay Sethupathi