അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്‌ക്കൊപ്പമുള്ള ഓർമ്മ പങ്കുവെച്ച് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. ഒരിക്കൽ താനും ടാറ്റയും ഒരുമിച്ച് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒരു ഫോൺ കോൾ ചെയ്യേണ്ടിവന്നപ്പോൾ അദ്ദേഹം തന്റെയടുത്ത് വന്നു പണം കടമയായി ആവശ്യപ്പെട്ടു എന്നാണ് ബച്ചൻ പറഞ്ഞത്. കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയിൽ വെച്ചാണ് രത്തൻ ടാറ്റയ്ക്കൊപ്പമുള്ള ഫ്ലൈറ്റ് യാത്രയിലെ അനുഭവം അദ്ദേഹം പങ്കുവെച്ചത്.
'ഒരിക്കൽ ഞങ്ങൾ രണ്ടുപേരും ഒരേ വിമാനത്തിൽ ലണ്ടനിലേക്ക് പോവുകയായിരുന്നു. ഞങ്ങൾ ഹീത്രൂ എയർപോർട്ടിൽ ഇറങ്ങി. അദ്ദേഹത്തെ സ്വീകരിക്കാനെത്തേണ്ടവർ പോയിട്ടുണ്ടാകണം. അദ്ദേഹം എയർപോർട്ടിൽ നിൽക്കുന്നത് ഞാൻ കാണുന്നുണ്ട്. അദ്ദേഹം ഒരു കോൾ ചെയ്യുന്നതിനായി ബൂത്തിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ അടുത്തേക്ക് വന്ന് 'അമിതാഭ് കുറച്ച് പണം കടം തരുമോ? എന്റെ കൈയിൽ കോൾ വിളിക്കുന്നതിന് പണമില്ല' എന്ന് പറഞ്ഞു. അദ്ദേഹം വളരെ സിംപിളായ മനുഷ്യനാണ്,' അമിതാഭ് ബച്ചൻ പറഞ്ഞു.
രത്തൻ ടാറ്റായുടെ വിയോഗവർത്തകൾക്ക് പിന്നാലെ ഏറ്റവും ആദ്യം അനുശോചനം അറിയിച്ച വ്യക്തികളിൽ ഒരാളായിരുന്നു അമിതാഭ് ബച്ചൻ. ഒരു യുഗം അവസാനിച്ചു. അദ്ദേഹത്തിന്റെ വിനയവും ദീർഘവീക്ഷണവും രാജ്യത്തിന്റെ ഉന്നതിക്കായുള്ള ദൃഢനിശ്ചയവും എന്നും അഭിമാനത്തോടെ ഓർമ്മിക്കപ്പെടും. ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നു എന്നും അമിതാഭ് ബച്ചൻ അന്ന് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
രത്തൻ ടാറ്റ നിർമ്മിച്ച ഏക സിനിമയിലും അമിതാഭ് ബച്ചൻ ഭാഗമായിരുന്നു. 2004-ല്‍ രത്തൻ ടാറ്റ 'ഐത്ബാർ' എന്ന ചിത്രത്തിൻ്റെ സഹനിർമ്മാതാവായി ബോളിവുഡിലേക്ക് ചുവടുവെപ്പ് നടത്തിയിരുന്നു. വിക്രം ഭട്ട് സംവിധാനം ചെയ്ത ഐത്ബാർ 1996-ൽ പുറത്തിറങ്ങിയ 'ഫിയർ' ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നു. ഈ ചിത്രത്തിൽ ജോൺ എബ്രഹാം, ബിപാഷ ബസു എന്നിവർക്കൊപ്പം ബച്ചനും പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlights: Amitabh Bachchan recalls an incident of Ratan Tata borrowing money from him for a phone call