ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എസ്കെ 23. ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണ് എസ്കെ 23യെന്ന് ശിവകാർത്തികേയൻ പറഞ്ഞു. വളരെ ശക്തവും പ്രധാനപ്പെട്ടതും ആയ ഒരു റോൾ ആണ് സിനിമയിൽ ബിജു മേനോന്റേതെന്നും അദ്ദേഹത്തിനൊപ്പമാണ് കൂടുതൽ ദിവസം താൻ അഭിനയിച്ചതെന്നും ശിവകാർത്തികേയൻ പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ശിവകാർത്തികേയൻ ഇക്കാര്യം പറഞ്ഞത്.
'വളരെ ഇൻ്ററെസ്റ്റിങ് ആയ കഥാപാത്രമാണ് ബിജു മേനോന്റേത്. എന്താണ് കഥാപാത്രത്തിന്റെ പ്രത്യേകതകളെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. എആർ മുരുഗദോസിന്റെ സ്റ്റൈലിലുള്ള ഒരു ആക്ഷൻ ത്രില്ലറാണ് എസ്കെ 23. ഒരു വിൻ്റേജ് എആർ മുരുഗദോസ് എലമെന്റ് ഈ സിനിമയിൽ ഉണ്ടാകും', ശിവകാർത്തികേയൻ പറഞ്ഞു.
രജനി ചിത്രമായ ദർബാറിന് ശേഷം എആർ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് എസ്കെ 23. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.
രുക്മിണി വസന്ത്, വിദ്യുത് ജംവാൽ, വിക്രാന്ത്, ഷബീർ കല്ലറക്കൽ, സഞ്ജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ എൻ വി പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം സുദീപ് ഇളമണും എഡിറ്റിംഗ് എ. ശ്രീകർ പ്രസാദും നിർവഹിക്കുന്നു.
രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന 'അമരൻ' ആണ് പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ശിവകാർത്തികേയനും, സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ ഒക്ടോബർ 31 നാണ് റിലീസ് ചെയ്യുന്നത്.
Content Highlights: SK 23 will be a vintage style AR Murugadoss film says Sivakarthikeyan