'മെയ്യഴകൻ' പോലൊരു സിനിമ നിർമിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നെന്നും സിനിമയിൽ നിന്ന് ആവശ്യത്തിന് ലാഭം തനിക്ക് ലഭിച്ചെന്നും നടനും നിർമാതാവുമായ സൂര്യ. പത്ത് ശതമാനം ലാഭം മാത്രമാണ് സിനിമയിൽ നിന്ന് പ്രതീക്ഷിച്ചത്. എന്നാൽ ഇരുപത്തിയഞ്ച് ശതമാനത്തിന് മേലെ ലാഭം ചിത്രത്തിൽ നിന്ന് കിട്ടി. മെയ്യഴകനെപ്പോലെ ഇത്ര നന്നായി മനുഷ്യന്റെ ഇമോഷൻസിനെ ഒപ്പിയെടുത്ത സിനിമ താൻ വേറെ കണ്ടിട്ടില്ലെന്നും ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.
'മെയ്യഴകൻ പോലൊരു സിനിമ നിർമിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. എന്താണ് ഒരു സിനിമയുടെ വിജയത്തെ തീരുമാനിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചില്ലെന്ന് പറയുമ്പോഴും അതിനെക്കുറിച്ച് കൃത്യമായ അറിവ് ഒരു നിർമാതാവിന് ഉണ്ടായിരിക്കും. സമകാലിക സാഹിത്യത്തിന് തുല്യമായ വർക്ക് ആണ് മെയ്യഴകൻ.
ആളുകൾ ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നത്, നമ്മൾ എന്തിനെയൊക്കെയാണ് വിലമതിക്കുന്നത്, ഓരോരുത്തരുടെയും ജീവിതശൈലി, സംസ്കാരം, അഭിപ്രായം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചാണ് ആ സിനിമ സംസാരിച്ചത്. മെയ്യഴകനെപ്പോലെ ഇത്ര നന്നായി മനുഷ്യന്റെ ഇമോഷൻസിനെ ഒപ്പിയെടുത്ത സിനിമ ഞാൻ വേറെ കണ്ടിട്ടില്ല. പ്രേക്ഷകർ ആ സിനിമയുടെ ലാഭത്തെക്കുറിച്ച് വിഷമിക്കേണ്ട കാര്യമില്ല, കാരണം ഞാൻ ആവശ്യത്തിന് പ്രോഫിറ്റ് ഉണ്ടാക്കിയിട്ടുണ്ട്', സൂര്യ പറഞ്ഞു.
കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'മെയ്യഴകൻ'. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയേറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മികച്ച അഭിപ്രായമാണ് സിനിമക്ക് ഒടിടിയിൽ നിന്ന് ലഭിക്കുന്നത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച തമിഴ് ചിത്രമാണ് മെയ്യഴകനെന്നാണ് പ്രതികരണങ്ങൾ.
സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തിയത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Content Highlights: Suriya says he is proud of producing a film like Meiyazhagan