
അനുപം ഖേറിനെ കേന്ദ്ര കഥാപാത്രമാക്കി അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'വിജയ് 69'ന്‍റെ ട്രെയ്‌ലര്‍ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. തന്റെ 69ാം വയസിൽ വിജയ് എന്നയാൾ ഒരു ട്രയാത്തലോണിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നവംബർ എട്ടിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
അക്ഷയ് റോയ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മനീഷ് ശർമയാണ്. വൈആർഎഫ് എന്റർടെയ്ൻമെൻ്റ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സെക്കൻഡ് ചാൻസുകളെക്കുറിച്ച് പറയുന്ന കഥയാണ് വിജയ് 69 എന്നാണ് സിനിമയെക്കുറിച്ച് സംവിധായകൻ അക്ഷയ് റോയ് പറഞ്ഞത്. അനുപം സാറിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായിരുന്നെന്നും അദ്ദേഹം ആ കഥാപാത്രത്തിനായി പൂർണ സമർപ്പണം നടത്തിയെന്നും അക്ഷയ് റോയ് കൂട്ടിച്ചേർത്തു.
ചങ്കി പാണ്ഡേ, മിഹിർ അഹൂജ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ആയുഷ്മാൻ ഖുറാനയെ നായകനാക്കി ഒരുക്കിയ മേരി പ്യാരി ബിന്ദു എന്ന സിനിമക്ക് ശേഷം അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈആർഎഫ് എന്റർടെയ്ൻമെൻ്റ് ആയിരുന്നു ഈ ചിത്രവും നിർമിച്ചത്.
അതേസമയം, വിജയ് 69 എന്ന സിനിമയുടെ പേരും ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സിനിമാകരിയറിനോട് വിട പറയാനൊരുങ്ങുന്ന നടന്‍ വിജയ്‌യുടെ അവസാന ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേരുമായുള്ള സാമ്യമാണ് അതിന് കാരണം. വിജയ്‌യുടെ 69ാം ചിത്രമായ ഈ സിനിമ ദളപതി 69 എന്നാണ് നിലവില്‍ വിളിക്കപ്പെടുന്നത്.
Content Highlights: Vijay 69 starring Anupam Kher trailer out now