തല്ലുമാല എന്ന ഒറ്റച്ചിത്രം മതി ഏതൊരു സിനിമാ പ്രേമിക്കും നിഷാദ് യൂസഫ് എന്ന ചിത്രസംയോജകനെ ഓർമ്മിക്കാൻ. ആ സിനിമയെ അടിമുടി ചടുലമാക്കിയതിൽ അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് വഹിച്ച പങ്ക് ചെറുതല്ല. ആ സിനിമയിലൂടെ അദ്ദേഹത്തിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. തല്ലുമാലയിൽ മാത്രം ഒതുങ്ങുന്നതുമല്ല അദ്ദേഹത്തിന്റെ കരിയർ. ഉണ്ടയുടെ രാഷ്ട്രീയവും സൗദി വെള്ളക്കയിലെ വേദനിപ്പിക്കുന്ന യാഥാർത്യവുമെല്ലാം അദ്ദേഹം എത്ര മനോഹരമായാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.
അദ്ദേഹത്തിൻ്റെ പെട്ടെന്നുള്ള വിയോഗം അത് മലയാള സിനിമയെ, സിനിമാപ്രേമികളെ ഞെട്ടലിലാക്കുന്നതും അത് കൊണ്ട് തന്നെയാണ്.
കരിയറിന്റെ ഏറ്റവും 'പീക്ക് ടൈം' എന്ന് വിളിക്കാൻ കഴിയുന്ന സമയത്താണ് അദ്ദേഹം വിടപറഞ്ഞത്. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ പുറത്തിറങ്ങാനിരിക്കുന്ന സൂര്യയുടെ കങ്കുവ എന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത് നിഷാദ് യൂസഫായിരുന്നു. ഇന്ത്യ മുഴുവൻ വമ്പൻ റിലീസിന് ഒരുങ്ങുന്ന സിനിമയ്ക്ക് വലിയ ഹൈപ്പാണുള്ളത്. സിനിമ വലിയ വിജയമായാൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്ന്, അത് നിഷാദ് യൂസഫിന്റേതായിരിക്കും. ഈ നിലയിൽ എല്ലാവരെയും വേദനയിലാഴ്ത്തുകയാണ് നിഷാദിന്റെ വിയോഗം.
കങ്കുവയ്ക്ക് ശേഷം വീണ്ടും ഒരു സൂര്യ ചിത്രം നിഷാദിനെ തേടി എത്തിയിരുന്നു. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന സിനിമയുടെ ചിത്രസംയോജകനും അദ്ദേഹമായിരുന്നു. തുടർച്ചയായി സൂര്യയുടെ സിനിമകളിൽ അവസരം ലഭിക്കുക, അതുവഴി ഒരുപക്ഷേ ഇനി തമിഴകം നിഷാദിനെ തേടി വരുന്ന നാളുകളാണ് നഷ്ടമായത്.
മലയാളത്തിലും ഒരുപിടി വമ്പൻ സിനിമകളിലും നിഷാദ് ഭാഗമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ബസൂക്ക. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രത്തിന് 'നിഷാദ് കട്ട്സ്' വരുമ്പോഴുള്ള മാജിക്കിനായി ആരാധകർ കാത്തിരിക്കുകയാണ്. അതിനു പുറമെ ഖാലിദ് റഹ്മാന്റെ അടുത്ത ചിത്രമായ ആലപ്പുഴ ജിംഖാനയുടെ എഡിറ്ററായി തീരുമാനിച്ചിരുന്നതും നിഷാദിനെയായിരുന്നു. തല്ലുമാലയിലെ തല്ലുകൾക്ക് നിഷാദ് നൽകിയ പഞ്ചുകൾ മാത്രം മതി ഈ പുതിയ സിനിമയുടെ മേലുള്ള പ്രതീക്ഷ വർധിപ്പിക്കാൻ.
തരുൺ മൂർത്തി-മോഹൻലാൽ ചിത്രമായ എൽ 360 യിലും നിഷാദ് ഭാഗമായിരുന്നു. തരുണിന്റെ ആദ്യ രണ്ട് സിനിമകളും എഡിറ്റ് ചെയ്തത് അദ്ദേഹമായിരുന്നു. ഇരുസിനിമകളുടെയും വൈകാരികത പ്രേക്ഷകരുടെ ഉള്ളിൽ തറച്ചുകയറിയെങ്കിൽ അതിൽ നിഷാദിന്റെ പങ്ക് ചെറുതല്ല. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ റിയലിസ്റ്റിക് കഥാപാത്രവുമായി ഒരു സിനിമ സ്‌ക്രീനിൽ വരുമ്പോൾ അതിലെ നിഷാദ് ടച്ചിനെ മലയാളികൾ മിസ് ചെയ്യുമെന്നതിൽ സംശയമില്ല. ഇനി ബിഗ് സ്ക്രീനിൽ 'എഡിറ്റിംഗ്- നിഷാദ് യൂസഫ്' എന്ന് കാണുമ്പോൾ കരഘോഷങ്ങൾക്ക് പകരം ഒരു വേദന മാത്രമാകും ബാക്കി.
Content Highlights: Editor Nishad Yusuf died before the release of Kanguva, Bazooka and other movies