നിഷാദ് ഇനിയില്ല എന്നത് ഹൃദയം തകർക്കുന്നു, കങ്കുവ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി: സൂര്യ

കങ്കുവയുടെ നിർമാതാക്കളും നിഷാദിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്

dot image

എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സൂര്യ. നിഷാദ് യൂസഫിന്റെ വിയോഗം ഹൃദയം തകർക്കുന്നു. കങ്കുവ എന്ന സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു നിഷാദ് എന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സൂര്യ ആദരാഞ്ജലികൾ അർപ്പിച്ചത്.

'നിഷാദ് ഇനിയില്ല എന്ന് കേട്ടപ്പോൾ ഹൃദയം തകർന്നു! കങ്കുവ ടീമിലെ ശാന്തനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടും…! നിഷാദിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം,' എന്ന് സൂര്യ കുറിച്ചു.

കങ്കുവയുടെ നിർമാതാക്കളും നിഷാദിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. 'ഞങ്ങളുടെ പ്രിയപ്പെട്ട എഡിറ്റർ നിഷാദ് യൂസഫിൻ്റെ പെട്ടെന്നുള്ള വേർപാടിൽ ഞങ്ങൾ അഗാധമായ ഞെട്ടലും ദുഖവും രേഖപ്പെടുത്തുന്നു. നിങ്ങളുടെ കഴിവും അർപ്പണബോധവും കാഴ്ചപ്പാടും ഞങ്ങളുടെ ടീമിന് അമൂല്യമായ സമ്പത്തായിരുന്നു, നിങ്ങളുടെ ഞങ്ങളെ അഗാധമായ ശൂന്യതയിലാഴ്ത്തുന്നു. ഈ മോശം സമയത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഉണ്ട്,' എന്നാണ് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

നിഷാദ് യൂസഫിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടലിലാക്കിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ കങ്കുവ നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദ് വിടപറഞ്ഞത്. ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന കങ്കുവ ഓഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു.

കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസ്സായിരുന്നു. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Content Highlights: Suriya condoles on the death of Editor Nishadh Yusuf

dot image
To advertise here,contact us
dot image