അജയ് ദേവ്ഗൺ നായകനായ 'സിംഗം എഗെയ്ൻ' കാർത്തിക് ആര്യൻ നായകനായ 'ഭൂൽ ഭുലയ്യ 3' എന്നീ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ദീപാവലിക്ക് എത്തിയ ഇരു ചിത്രങ്ങളും സൗദിയിൽ പ്രദർശിപ്പിക്കില്ല. മത സംഘർഷം, സ്വവർഗരതി പരാമർശം എന്നിവ ചൂണ്ടിക്കാട്ടിയാണ് ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത 'സിംഗം എഗെയ്ൻ' ചിത്രത്തിൽ ഹിന്ദു മുസ്‌ലിം സംഘർഷം ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അനീസ് ബസ്മി സംവിധാനം ചെയ്ത 'ഭൂൽ ഭുലയ്യ 3'യിൽ കാർത്തിക് ആര്യന്റെ കഥാപാത്രം സ്വവർഗരതിയെക്കുറിച്ച് പരാമർശം നടത്തുന്നുണ്ടെന്നും ഇതിനാലാണ് വിലക്കെന്നുമാണ് റിപ്പോർട്ട്.
രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമാണ് 'സിംഗം എഗെയ്ൻ'. 2014 ൽ റിലീസ് ചെയ്ത സിംഗം റിട്ടേൺസിന്റെ തുടർച്ച കൂടിയാണ് ഈ ചിത്രം. അജയ് ദേവ്ഗൺ ഡിസിപി ബാജിറാവു സിംഗമായി എത്തുന്ന ചിത്രത്തിൽ രൺവീർ സിംഗ് , ദീപിക പദുക്കോൺ, അക്ഷയ് കുമാർ , ടൈഗർ ഷ്‌റോഫ്, ജാക്കി ഷ്‌റോഫ്, കരീന കപൂർ എന്നിവരും അഭിനയിക്കുന്നുണ്ട്.
സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത 'സിങ്കം' സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഹിന്ദിയിൽ 'സിംഗം' സീരിസിന് തുടക്കമിട്ടത്. മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ 'ഭൂൽ ഭുലയ്യ'യുടെ മുന്നാം ഭാഗമാണ് 'ഭൂൽ ഭുലയ്യ 3' ആദ്യ ഭാഗത്തിൽ അക്ഷയ് കുമാർ നായകനായപ്പോൾ രണ്ടും മൂന്നും ഭാഗത്തിൽ കാർത്തിക് ആര്യനാണ് നായകനായത്.
മാധുരി ദീഷിത്, വിദ്യാ ബാലൻ, ത്രിപ്തി ദിമ്രി എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്. ഇരു ചിത്രങ്ങളും നവംബർ 1 നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.
Content Highlights: Ajay Devgn's Singham Again & Kartik Aaryan's Bhool Bhulaiyaa 3 Face Ban in Saudi Arabia