'കിംഗ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രവും കേരളത്തിലെ തിയേറ്ററുകളിൽ എത്തിയിരുന്നില്ല. പ്രതീക്ഷിച്ച അഭിപ്രായം കൈവരിക്കാനാവാത്തതുകൊണ്ട് തന്നെ കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ പരാജയമായിരുന്നു. കേരളത്തിൽ ദുൽഖറിന്റെ മാർക്കറ്റ് ഇടിഞ്ഞെന്ന ചർച്ചകൾക്കിടയിലാണ് ദീപാവലി റിലീസായി ലക്കി ഭാസ്കർ എത്തിയിരിക്കുന്നത്.
ഇപ്പോൾ തിയേറ്ററുകളിൽ എത്തി മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ് ലക്കി ഭാസ്കർ. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ഉള്ളത്. റിലീസ് ചെയ്ത ദിവസം തന്നെ കേരളത്തിൽ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് കൂട്ടിയിരിക്കുകയാണ്. ദുൽഖർ സൽമാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 175 സ്ക്രീനുകളില്‍ എത്തിയിരുന്ന ചിത്രം ഇപ്പോള്‍ 207 ആയി വര്‍ധിച്ചിരിക്കുകയാണ്. ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് കൂട്ടിയതോടെ ദുൽഖറിന്റെ ശക്തമായ തിരിച്ചു വരവ് പ്രതീക്ഷിക്കുകയാണ് ആരാധകർ.
തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിയിട്ടുണ്ട്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകരുന്നത്. 1980-1990 കാലഘട്ടത്തെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
Content Highlights: Lucky Bhaskar increased the screen count in Kerala