
ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം അണിയറയിൽ. 'പെണ്ണ് കേസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും 'പെണ്ണ് കേസ്' എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
ഫെബിൻ സിദ്ധാർഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫെബിന്റെ തന്നെയാണ് കഥയും. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഷിനോസ് ആണ് ഛായാഗ്രഹണം.
'ഭഗവാൻ ദാസന്റെ രാമരാജ്യം' എന്ന സിനിമക്ക് ശേഷം ഫെബിൻ സിദ്ധാർഥ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരാണ് സിനിമക്കായി സംഭാഷണങ്ങൾ എഴുതുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെക്കുറിച്ചോ അണിയറപ്രവർത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സരിൻ രാമകൃഷ്ണൻ ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
എം മോഹനൻ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന 'ഒരു ജാതി ജാതകം', വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ള നിഖില വിമൽ സിനിമകൾ.
Content Highlights: Nikhila vimal starring Pennu Case title poster out now