രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു വേട്ടയ്യൻ. ഒക്ടോബർ 10 ന് പുറത്തിറങ്ങിയ ചിത്രത്തിന് ഭേദപ്പെട്ട അഭിപ്രായമാണ് ലഭിച്ചതെങ്കിലും തിയേറ്ററിൽ ചലമുണ്ടാക്കാൻ സാധിച്ചില്ല. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ മാത്രമാണ് നേടാനായത്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
നവംബർ 8 ന് ആമസോൺ പ്രൈമിലൂടെ വേട്ടയ്യൻ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. തിയേറ്ററിൽ പ്രേക്ഷകർ കൈവിട്ട ചിത്രത്തിന് ഒടിടിയിൽ ചലനമുണ്ടാക്കാൻ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ.
തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ, നിർമാതാക്കൾക്ക് നഷ്ടമാണെന്നും അത് നികത്തുന്നതിനായി ലൈക്ക രജനികാന്തിന് മുന്നിൽ പുതിയ നിബന്ധന വെച്ചതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
The date is LOCKED and LOADED for Vettaiyan's arrival 🔥#VettaiyanOnPrime, Nov 8 pic.twitter.com/xn79iDDfe7
— prime video IN (@PrimeVideoIN) October 31, 2024
എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. 16 കോടി ആയിരുന്നു ചിത്രത്തിന്റെ കേരളത്തിൽ നിന്നുള്ള കളക്ഷൻ.
Content Highlights: Vettaiyan to stream on amazon prime video from november