എല്ലാ സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. 'ലൂസിഫർ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.
വെള്ള വസ്ത്രമിട്ട ഒരാൾ തിരിഞ്ഞു നിൽക്കുന്നതാണ് പോസ്റ്ററിൽ കാണാനാകുന്നത്. അയാളുടെ പിന്നിൽ ഒരു ഡ്രാഗണിന്റെ ചിത്രവും കാണാം. പോസ്റ്ററിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മോഹൻലാലിനെയും കാണാനാകും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൂസിഫറിൽ കേരള മുഖ്യമന്ത്രിയായി എത്തിയ ടൊവിനോയുടെ ജതിൻ രാംദാസ് എമ്പുരാനിലും എത്തുന്നുണ്ട്.
#L2E #EMPURAAN
— Prithviraj Sukumaran (@PrithviOfficial) November 1, 2024
The 2nd instalment of the #Lucifer franchise hits cinemas world wide on 27th March 2025!@mohanlal #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod #SureshBalaje #GeorgePius @ManjuWarrier4 @ttovino… pic.twitter.com/8jCE5FbJRN
ഒന്നാം ഭാഗമായ ലൂസിഫറും റിലീസിനെത്തിയത് മാർച്ച് മാസത്തിലായിരുന്നു. 2019 മാർച്ച് 28 നായിരുന്നു 'ലൂസിഫർ' പുറത്തിറങ്ങിയത്. 200 കോടിയും നേടിയായിരുന്നു അന്ന് ചിത്രം തിയേറ്റർ വിട്ടത്. അതേസമയം എമ്പുരാന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ്, തിരുവനന്തപുരം, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് എത്തിയത്. ഇന്ത്യയിലെ ചിത്രീകരണത്തിന് ശേഷം മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിൽ കൂടി ചിത്രീകരണമുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. നേരത്തെ പൃഥ്വിരാജിന്‍റെ ജന്മദിനത്തിൽ, സയിദ് മസൂദായുള്ള പൃഥ്വിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights : Mohanlal starring Empuraan release date announced