തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനത്തിൽ 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്‍ററി സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. സിനിമയിലെ താരമെന്നതിനപ്പുറം മകൾ, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകർക്ക് അടുത്തറിയാം. ഈ മാസം പതിനെട്ടിനാണ് നയൻതാരയുടെ പിറന്നാൾ.
ഒരു മണിക്കൂർ 21 മിനിട്ടാണ് ഡോക്യൂമെന്ററിയുടെ ദൈർഘ്യം. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നയന്‍താര- വിഘ്‌നേഷ് വിവാഹം.വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയന്‍താരയ്ക്കും വിഘ്‌നേശിനും നെറ്റ്ഫ്‌ലിക്‌സ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിലായി ഡോക്യുമെന്‍ററിയുടെ ഒരു ടീസര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. തമ്മിൽ കണ്ടുമുട്ടിയതിനെ കുറിച്ചും, പ്രണയത്തെപ്പറ്റിയുമെല്ലാം താരജോഡികൾ ഈ ടീസറില്‍ സംസാരിച്ചിരുന്നു. അന്ന് മുതല്‍ വീഡിയോയ്ക്കായി ആകാംക്ഷാപൂര്‍വം ആരാധകര്‍ കാത്തിരിക്കുകയാണ്.
രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി, എ ആര്‍ റഹ്‍മാൻ തുടങ്ങി ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്ട്രികളിലെ പ്രമുഖര്‍ നയന്‍താര-വിഘ്നേശ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അതേസമയം, രണ്ട് വർഷമായി ഈ വീഡിയോ പുറത്തിറക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്.
Content Highlights: 'Nayanthara: Beyond the Fairy Tale' on Netflix soon