ഇക്കഴിഞ്ഞ റിലീസുകളിൽ ഏറ്റവും വലിയ വിജയങ്ങളായ മലയാളചിത്രങ്ങളാണ് അജയന്റെ രണ്ടാം മോഷണവും കിഷ്കിന്ധാകാണ്ഡവും. ഇപ്പോൾ ഇരുചിത്രങ്ങളുടെയും ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്ത് ടൊവിനോ തോമസ് മൂന്ന് റോളുകളിൽ എത്തിയ അജയന്റെ രണ്ടാം മോഷണം നവംബർ 8 മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യും. ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്ററുകളിൽ നിന്ന് നൂറ് കോടിയിലധികം നേടിയ ചിത്രത്തിൽ സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരായിരുന്നു നായികമാരായി എത്തിയത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആസിഫ് അലി നായകനായ കിഷ്കിന്ധാകാണ്ഡവും ഹോട്ട്സ്റ്റാറിൽ തന്നെയാണ് സ്ട്രീം ചെയ്യുക. നവംബർ രണ്ടാം വാരമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക.
വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാഹുൽ രമേശ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ദിൻജിത്ത് അയ്യത്തായിരുന്നു.
രജനികാന്ത് നായകനായ വേട്ടയ്യനാണ് നവംബറിൽ റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുക. മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, റാണ ദഗ്ഗുബതി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവംബർ 8 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തമിഴ് ചിത്രങ്ങളായ ലബ്ബർ പന്ത്, ബ്ലാക്ക് എന്നിവ ഇതിനോടകം ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഹോട്ട്സ്റ്റാറിലാണ് ലബ്ബർ പന്ത് സ്ട്രീം ചെയ്യുന്നത്. ആമസോൺ പ്രൈമിലാണ് ബ്ലാക്ക് സ്ട്രീം ചെയ്യുന്നത്. തമിഴരശൻ പച്ചമുത്തു രചനയും സംവിധാനവും നിർവ്വഹിച്ച ലബ്ബർ പന്തിൽ അട്ടക്കത്തി ദിനേശ്, ദേവദർശിനി ചേതൻ, പ്രദീപ് ദുരൈരാജ്, ജെൻസൻ ദിവാകർ, ഹരീഷ് കല്യാൺ, സഞ്ജന, ഗീത കൈലാസം, ബാല ശരവണൻ, സ്വാസിക വിജയ്, കാളി വെങ്കട്ട്, തമിഴ്മണി ഡി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരിടവേളക്ക് ശേഷം തമിഴ് താരം ജീവയുടെ ഹിറ്റായ ചിത്രമായിരുന്നു ബ്ലാക്ക്. കെ ജി ബാലസുബ്രഹ്മണിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
Content Highlights: ARM Kishkindha Kaandam and Vettaiyan in OTT Release on these dates