ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ആക്ഷൻ ചിത്രമാണ് ടോം ക്രൂസ് നായകനായ മിഷൻ ഇമ്പോസിബിൾ. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണിന്റെ തുടർച്ചയുമായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണിനെക്കാൾ വലിയ ആക്ഷൻ രംഗങ്ങളുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് ഇപ്പോൾ തന്നെ 350 മില്യൺ ഡോളർ ആയി ഉയർന്നെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷൂട്ടിംഗ് അവസാനിക്കുമ്പോൾ ഇത് 400 മില്യൺ ആയി ഉയരുമെന്നാണ് റിപ്പോർട്ടുകൾ. മിഷൻ ഇമ്പോസിബിൾ സീരിസിലെ അവസാനത്തെ ചിത്രമാകും ഇതെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
2023 ജൂലൈ 12 നാണ് മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വൺ പുറത്തുവന്നത്. 291 മില്യൺ ഡോളർ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ നിന്ന് 570.6 മില്യൺ ഡോളർ മാത്രമാണ് നേടാനായത്. ക്രിസ്റ്റഫർ നോളൻ ചിത്രമായ ഓപ്പൺഹൈമർ, ഗ്രെറ്റ ഗെർവിഗ് ചിത്രമായ ബാർബി എന്നീ സിനിമകളുടെ ക്ലാഷിനിടയിൽ പെട്ട് ചിത്രത്തിന് അർഹിച്ച കളക്ഷൻ ലഭിക്കാതെ പോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
1996 ലാണ് ആദ്യത്തെ മിഷൻ ഇമ്പോസിബിൾ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ടോം ക്രൂസ് അവതരിപ്പിക്കുന്ന ഏഥൻ ഹണ്ട് എന്ന കഥാപാത്രത്തിന് ഏറെ ആരാധകരാണുള്ളത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂയിസ് എടുക്കുന്ന പ്രയത്നങ്ങൾ ഇപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ. അടുത്ത വർഷം മെയ് 23 ന് ചിത്രം തിയേറ്ററിലെത്തും.
Content Highlights: Tom Cruise starring Mission Impossible 8 budget crosses 350 million