ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ റിവീലിംഗ് ടീസർ റിലീസ് ചെയ്തു. 'ധീരം' എന്ന് പേരിട്ടിരിക്കുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ് ആണ് നിർമ്മിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
സിനിമാ മേഖലയിലെ 99പേർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി നിരവധി പേരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ റിവീലിംഗ് ടീസർ എത്തിയത്.
ഒരേ മുഖം, പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പോലീസ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഇന്ദ്രജിത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്ഷം മാർച്ചിലാണ് റിലീസിനൊരുങ്ങുന്നത്. ഒന്നാം ഭാഗം വൻ വിജയമായതിനാൽ തന്നെ എമ്പുരാനാലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.
Content Highlights: indrajith sukumaran new movie title teaser out now