സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഡിസംബർ അഞ്ചിന് ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്.
ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിലാണ് പുഷ്പ 2 വിന്റെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. പട്ന, കൊച്ചി, മുംബൈ, ചെന്നൈ, ഹൂബ്ലി, തെലുങ്കാന എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടിയിൽ അല്ലു അർജുൻ നേരിട്ട് പങ്കെടുക്കും.
പുഷ്പയുടെ ആദ്യ ഭാഗത്തിന് മലയാളികൾക്കിടയിൽ വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലൻ വേഷത്തിലെത്തുന്നത്.
പുഷ്പ 2 ആദ്യ പകുതിയുടെ മലയാളം ഡബ്ബിങ് പൂർത്തിയായെന്ന് കഴിഞ്ഞ ദിവസം ജിസ് ജോയ് പങ്കുവെച്ചിരുന്നു. ആദ്യഭാഗത്തേക്കാൾ മാസ് രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ് പുഷ്പ 2 എന്നും ഓരോ സിനിമ കഴിയുംതോറും അല്ലുവിലെ നടൻ വളരുകയായെന്നും അദ്ദേഹം പറഞ്ഞു. ഫഹദിന്റെ പ്രകടനത്തെയും അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു.
പുഷ്പയുടെ തിയേറ്റർ അവകാശം വിറ്റഴിച്ചത് 600 കോടി രൂപയ്ക്കാണെന്നും ഓവർസീസിലൂടെ മാത്രം 125 കോടി രൂപ സ്വന്തമാക്കിയെന്നും ഇ ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഇ4 എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പദ്ധതിയിടുന്നത്.
Content Highlights : Pushpa 2 team planning massive promotions across states before release