തെലുങ്ക് സിനിമയിലേക്കുള്ള ദുൽഖർ സൽമാന്റെ അരങ്ങേറ്റം നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി എന്ന ചിത്രത്തിലൂടെയായിരുന്നു. നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ചിത്രത്തിൽ ജെമിനി ഗണേശനെ ആയിരുന്നു ദുൽഖർ അവതരിപ്പിച്ചിരുന്നത്. മികച്ച സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ ഈ സിനിമ ചെയ്യാൻ ആദ്യം ദുൽഖർ വിസമ്മതിച്ചിരുന്നുവെന്നാണ് നാഗ് അശ്വിൻ പറയുന്നത്. ലക്കി ഭാസ്കർ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന വേദിയിലാണ് നാഗ് അശ്വിന്റെ പ്രതികരണം.
'മഹാനടിയുടെ കഥ പറയാനായി ഞാൻ ചെന്നൈയിൽ ദുൽഖറിനെ കാണാൻ ചെന്നിരുന്നു. അന്ന് ഭാഷ പ്രശ്‌നം ഉള്ളതിനാൽ സിനിമ ചെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ കഥാപാത്രം ആളുകൾ കാണുമ്പോൾ തനിക്ക് തെലുങ്ക് സംസാരിക്കാൻ അറിയില്ല എന്നത് വ്യക്തമായി മനസിലാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. 6 വർഷത്തിന് ശേഷം, അദ്ദേഹത്തിൻ്റെ ഹാട്രിക് വിജയം ആഘോഷിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. തെലുങ്കിലെ സൂപ്പർ സ്റ്റാറാണ് ദുൽഖർ ഇപ്പോൾ. നിങ്ങളുടെ ഈ വിജയത്തിൽ വളരെ സന്തോഷം ഉണ്ട്' നാഗ് അശ്വിൻ പറഞ്ഞു.
🗣️ Nag Ashwin : "When i went to Chennai to narrate Mahanati, he said he can't do a telugu film because of the language problem and that he doesn't think he can do that role. After 6 years, I'm here to celebrate his hatrick blockbuster in Telugu"#DulquerSalmaan #LuckyBaskhar pic.twitter.com/RJ7Fqw0mYU
— Logaanz (@reallogan007) November 3, 2024
താൻ ഈ വേദിയിൽ നിൽക്കാൻ കാരണം നാഗ് അശ്വിനും സ്വപ്ന ദത്തുമാണെന്ന് ദുൽഖറും വേദിയില്‍ പറഞ്ഞു. മഹാനടിയിൽ താൻ തന്നെ ജെമിനി ഗണേശൻ ആവണമെന്ന വിശ്വാസം അവർക്ക് ഉണ്ടായതു കൊണ്ടാണ് ആ സിനിമ നടന്നതെന്നാണ് പറഞ്ഞത്.
മഹാനടി, സീതാരാമം എന്നീ ചിത്രങ്ങളാണ് ദുൽഖര്‍ നായകനായ തെലുങ്കിലെ മറ്റു ഹിറ്റ് സിനിമകൾ. മഹാനടിക്കും സീതാരാമത്തിനും ലക്കി ഭാസ്കറിനും മുന്നേ നാഗ് അശ്വിന്റെയോ ഹനു രാഘവപുടിയുടെയോ വെങ്കിയുടെയോ സിനിമകൾ കണ്ടിട്ടില്ലെന്നും അവരെ താൻ വിശ്വസിക്കുകയായിരുന്നു എന്നും ദുൽഖർ പറഞ്ഞു. പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ ഒരുങ്ങിയ കൽക്കിയിലും ദുൽഖറിന്റെ കാമിയോ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: director nag ashwin said dulquer salman is tollywood super star now