തന്റെ സിനിമകളിൽ കോമഡിക്കായി ബോഡി ഷെയ്മിങ് തമാശകൾ ഉപയോഗിച്ചതിലും മതവിശ്വാസങ്ങളെ പരിഹസിച്ചതിലും ഖേദിക്കുന്നെന്ന് സംവിധായകൻ എം രാജേഷ്. തന്‍റെ
കോമഡി രംഗങ്ങൾ ഇന്ന് പ്രേക്ഷകർ തമാശയായി കണക്കാക്കുന്നില്ലെന്ന് മനസ്സിലാക്കുന്നുണ്ട്. 'ശിവ മനസിലെ ശക്തി'യുടെ റീ റിലീസ് സമയത്ത് സിനിമയിലെ ടോക്സിക് റൊമാൻസ് ചൂണ്ടിക്കാണിച്ച് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. താൻ ഒരിക്കലും അത്തരം പ്രണയത്തെ ഗ്ലോറിഫൈ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ അതെല്ലാം പരിഹരിക്കുമെന്നും സിനിമ എക്സ്പ്രെസിന് നൽകിയ അഭിമുഖത്തിൽ എം രാജേഷ് പറഞ്ഞു.
'ബോഡി ഷെയ്മിങ്ങും മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും ചിരിയുണർത്താനുള്ള ഒരു മാർഗമായി ചിന്തിച്ചതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ഭാവിയിൽ, എൻ്റെ ശ്രദ്ധ ഹെൽത്തി ആയ തമാശകൾ സൃഷ്ടിക്കുന്നതിലായിരിക്കും. തമാശകൾ മാത്രമല്ല റൊമാൻസ് സീനുകളിലും എഴുത്തിന്റെ ശൈലി മാറ്റണം. എസ്എംഎസ് വീണ്ടും റിലീസായപ്പോൾ ശിവയുടെയും ശക്തിയുടെയും ടോക്സിക് റൊമാൻസിനെ മഹത്വവത്കരിച്ചതിന് ആളുകൾ എന്നെ വിമർശിച്ചു.
ടോക്സിക് പ്രണയങ്ങളെ മഹത്വവത്കരിക്കാൻ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല, 15 വർഷം മുൻപ് ഇതൊന്നും പ്രശ്നമാണെന്ന് മനസിലായിരുന്നില്ല. അതിനാൽ എസ്എംഎസ് 2 എഴുതുമ്പോൾ പൊളിറ്റിക്കൽ കറക്റ്റ്നെസിനെയും മറ്റു കാര്യങ്ങളെയുമെല്ലാേം മനസിൽ വെച്ചാകും തിരക്കഥ എഴുതുക. ബ്രദറിൽ ഞാൻ അങ്ങനെയാണ് എഴുതിയത് അതുകൊണ്ടാണ് സിനിമക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ചത്,' എം രാജേഷ് പറഞ്ഞു.
'ശിവ മനസിലെ ശക്തി' എന്ന ചിത്രത്തിലൂടെയാണ് എം രാജേഷ് സംവിധാന രംഗത്തേക്ക് എത്തുന്നത്. വലിയ വിജയം നേടിയ ചിത്രം തമിഴിലെ ഒരു കൾട്ട് സിനിമയായി മാറുകയും ചെയ്തിരുന്നു. തുടർന്ന് 'ബോസ് എങ്കിറ ഭാസ്കരൻ', 'ഒരു കൽ ഒരു കണ്ണാടി' തുടങ്ങിയ കോമഡി സിനിമകൾ എം രാജേഷ് സംവിധാനം ചെയ്തു. ജയം രവിയെ നായകനാക്കി ഒരുക്കിയ 'ബ്രദർ' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എം രാജേഷ് ചിത്രം. ദീപാവലി റിലീസായി എത്തിയ സിനിമക്ക് മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
Content Highlights: I will not promote toxic romance and regret for using bodyshaming jokes says m rajesh