'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ബോക്സിങ് പശ്ചാത്തലമാക്കി എത്തുന്ന സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാനുമായി ഒരു സിനിമയിൽ പ്രവർത്തിക്കാൻ അങ്ങോട്ട് അദ്ദേഹത്തിന് മെസ്സേജ് അയച്ചിരുന്നുവെന്ന് പറയുകയാണ് നസ്‌ലെന്‍. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘ഖാലിദ് റഹ്‌മാനൊപ്പമുള്ള എക്‌സ്പീരിയന്‍സ് വളരെ വലുതായിരുന്നു. തണ്ണീര്‍മത്തന്‍ സിനിമയൊക്കെ കഴിഞ്ഞ ശേഷം ഞാന്‍ അങ്ങോട്ടേക്ക് മെസേജിട്ട ഒരു ആളാണ് റഹ്‌മാനിക്ക. ഏതെങ്കിലും സിനിമയില്‍ ചാന്‍സുണ്ടെങ്കില്‍ തരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ചെറിയ റോളാണെങ്കിലും തരണമെന്ന രീതിയിലാണ് ഞാന്‍ അദ്ദേഹത്തിന് മെസേജിട്ടത്. ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അത്രയും പ്രധാനപ്പെട്ട വേഷം ചെയ്യാന്‍ അവസരം കിട്ടുന്നത് വലിയ ഭാഗ്യമാണ്. അതില്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. റഹ്‌മാനിക്കയുടെ കൂടെയുള്ള ജേര്‍ണി അടിപൊളിയായിരുന്നു. ഇപ്പോള്‍ ഞാനുമായി വളരെ ക്ലോസായി നില്‍ക്കുന്ന ആളാണ് അദ്ദേഹം. ഇനിയും അത് അങ്ങനെ തന്നെ നിലനിന്ന് പോകട്ടേയെന്നാണ് എന്റെ ആഗ്രഹം,’ നസ്‌ലെന്‍ പറഞ്ഞു.
ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിന് ഖാലിദ് റഹ്മാൻ തന്നെയാണ് തിരക്കഥ എഴുതുന്നത്. സ്പോർട്സ് കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്. ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം, ഗിരീഷ് എ ഡി സംവിധാനത്തിലൊരുങ്ങുന്ന നസ്‌ലെന്‍ ചിത്രം 'ഐ ആം കാതലൻ' ഈ മാസം ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. ഇത് നാലാം തവണയാണ് ഗിരീഷ് എ ഡി നസ്‌ലെൻ കൂട്ടുകെട്ട് വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങളിലൂടെയായിരുന്നു നസ്ലെൻ സിനിമ രംഗത്ത് സജീവമായത്. സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങൾ.
പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമികുന്ന ചിത്രത്തിൽ പങ്കാളിയായി ഗോകുലം ഗോപാലനുമുണ്ട്.
Content Highlights: naslen talks about director khalid rahman