വിജയ്ക്ക് സാധിച്ചില്ല, ഗോകുലം മൂവിസിന് രക്ഷകനായി ശിവകാർത്തികേയൻ; കേരളത്തിൽ നേട്ടമുണ്ടാക്കി 'അമരൻ'

'കങ്കുവ'യാണ് ഇനി അടുത്തതായി ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്ന ചിത്രം.

dot image

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനാകുന്ന അമരൻ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് ചിത്രം 140 കോടിക്കടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനോടകം 3.25 കോടി നേടി ചിത്രം കേരളത്തിലെ ശിവകാർത്തികേയന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി. ചിത്രം കേരളത്തിൽ വിജയിക്കുമ്പോൾ തുടർച്ചയായുള്ള പരാജയങ്ങൾക്ക് ശേഷം വിതരണക്കാരായ ഗോകുൽ മൂവിസിനും അത് ആശ്വാസമായി മാറുകയാണ്.

അമരൻ ഉൾപ്പടെ തങ്കലാൻ, ഇന്ത്യൻ 2 , ദി ഗോട്ട്, വേട്ടയ്യൻ എന്നീ സിനിമകളാണ് ഗോകുലം മൂവീസ് ഈ വർഷം കേരളത്തിൽ വിതരണത്തിനെടുത്ത തമിഴ് ചിത്രങ്ങൾ. ഇതിൽ രായനും വേട്ടയ്യനും മാത്രമായിരുന്നു കേരളത്തിൽ നേട്ടമുണ്ടാക്കിയത്. വിജയ്‌യുടെ ദി ഗോട്ട് ഉൾപ്പടെയുള്ള സിനിമകൾ കേരളത്തിൽ വലിയ പരാജയമായിരുന്നു. ആഗോള തലത്തിൽ 70 കോടിയോളം നേടിയെങ്കിലും വിക്രം ചിത്രമായ തങ്കലാന് കേരളത്തിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 3 കോടി മാത്രമാണ് തങ്കലാൻ കേരളത്തിൽ നിന്ന് നേടിയത്. സ്ഥിരം രജനി ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡ് പട്ടികയിൽ ഇടം പിടിക്കാനായില്ലെങ്കിലും കേരളത്തിൽ വേട്ടയ്യൻ 16 കോടിയോളം നേടി വിജയ സിനിമകളുടെ ലിസ്റ്റിൽ ഇടം പിടിച്ചു. വേട്ടയ്യന് ശേഷം തുടർച്ചയായി ഗോകുലം മൂവിസിന് നേട്ടമുണ്ടാകുന്ന സിനിമയായി മാറുകയാണ് അമരൻ.

കാക്കി സട്ടൈ, റെമോ എന്നീ സിനിമകളാണ് ഇതിനുമുൻപ് കേരളത്തിൽ 3 കോടി കടന്ന ശിവകാർത്തികേയൻ സിനിമകൾ. ഈ രണ്ട് സിനിമകളെയും ഇതിനോടകം അമരൻ മറികടന്നു. ആദ്യ ദിനം 1.26 കോടിയാണ് ചിത്രം ഇവിടെ നിന്നും സ്വന്തമാക്കിയത്. മികച്ച പ്രതികരണം സിനിമക്ക് ലഭിക്കുന്നതിനാൽ കളക്ഷനിലും അത് വർദ്ധനവുണ്ടാക്കുന്നുണ്ട്. പണി, ലക്കി ഭാസ്കർ തുടങ്ങിയ സിനിമകൾക്കിടയിലും കേരളത്തിൽ ചലമുണ്ടാക്കാൻ അമരനാകുന്നുണ്ട്. ചിത്രം കേരളത്തിലെ ശിവകാർത്തികേയന്റെ ഏറ്റവും വലിയ ഗ്രോസിങ് ചിത്രമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ബുക്ക് മൈ ഷോയിൽ ഈ വർഷം ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോർഡും അമരൻ സ്വന്തമാക്കിയിരുന്നു. വിജയ് ചിത്രമായ 'ദി ഗോട്ടി'നെയാണ് 'അമരൻ' മറികടന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.

കങ്കുവയാണ് ഇനി അടുത്തതായി ഗോകുലം മൂവീസ് കേരളത്തിൽ വിതരത്തിനെടുത്തിരിക്കുന്ന ചിത്രം. നവംബർ 14 ന് ആണ് ചിത്രം പുറത്തിറങ്ങുന്നത്. വലിയ ഒരുക്കങ്ങളോടെയാണ് ഗോകുലം മൂവീസ് സിനിമയെ കേരളത്തിലെത്തിക്കുന്നത്. നാല് മണി മുതൽ ആണ് ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: Sivakarthikeyan film Amaran collects good amount from Kerala boxoffice

dot image
To advertise here,contact us
dot image